അന്തരിച്ച വിവി പ്രകാശിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ ഉണ്ടാക്കി പണം തട്ടാൻ നീക്കം.യൂത്ത് കോൺഗ്രസ് പരാതി നൽകി.

മലപ്പുറം: അന്തരിച്ച മലപ്പുറം ഡിസിസി പ്രസിഡണ്ട് വി വി പ്രകാശിൻ്റെ പേരിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈൽ നിർമ്മിച്ച് പണം തട്ടാൻ ശ്രമം. സംഭവത്തിൽ യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടാക്കി പണം തട്ടിയെടുക്കുന്ന സംഭവങ്ങൾ വ്യാപകമാവുകയാണ്. പല പ്രമുഖരുടെയും പേരിൽ ഇത്തരത്തിൽ വ്യാജ ഫേസ്ബുക്ക് പ്രൊഫൈലുകൾ ഉണ്ടാക്കി പണം ആവശ്യപ്പെട്ട് സന്ദേശങ്ങൾ അയക്കുന്നതായി നിരവധി പരാതികൾ ഇതിനോടകം ഉയർന്നു കഴിഞ്ഞു. അന്തരിച്ച മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി വി പ്രകാശിൻ്റെ പേരിലും ഇത്തരത്തിൽ വ്യാജ അക്കൗണ്ട് ഉപയോഗിച്ച് പണം തട്ടാൻ ശ്രമം നടക്കുന്നു. ഇക്കാര്യം വ്യക്തമാക്കി യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ഷാജി പച്ചേരി ആണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്.

വ്യാജ പ്രൊഫൈലിന്റെ വിശദാംശങ്ങളും പണം ചോദിച്ച് കൊണ്ട് ഫേസ്ബുക് മെസഞ്ചർ വഴി അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടും പരാതിയുടെ കൂടെ നൽകിയിട്ടുണ്ട്. Adv Vv prakash എന്ന പേരിൽ ആണ് ഫേസ്ബുക് അക്കൗണ്ട്. മുല്ലപ്പള്ളി രാമചന്ദ്രൻ്റെ കൂടെ നിൽക്കുന്ന ഫോട്ടോ ആണ് പ്രൊഫൈലിൽ. കവർ ഫോട്ടോ ഗുലാം നബി ആസാദിൻ്റെ കൂടെ നിൽക്കുന്ന പടവും.

പണം ആവശ്യപ്പെട്ടുള്ള ഫേസ്ബുക് മെസ്സഞ്ചരിലെ സന്ദേശം ഇങ്ങനെ.”I need your some help.എനിക്ക് 20000 രൂപ ആവശ്യമാണ്.ഞാൻ നിങ്ങളുടെ പണം നാളെ മടക്കി തരും..” അതിൻ്റെ കൂടെ 9127426443 എന്ന ഗൂഗിൾ പേ നമ്പറും . അരീക്കോട് ഉള്ള ഒരു കോൺഗ്രസ് പ്രവർത്തകനാണ് ഇത്തരത്തിൽ ആദ്യം മെസ്സേജ് ലഭിച്ചത്. മറ്റു പലർക്കും സമാന സന്ദേശം ലഭിച്ചതോടെ ആണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഷാജി പച്ചേരി ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. തുടർന്ന് വി വി പ്രകാശിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന കുടുംബാംഗങ്ങൾ തന്നെ വ്യാജ പ്രൊഫൈലിനെ സൂക്ഷിക്കണമെന്ന് സന്ദേശം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

 

 

മലപ്പുറം ഡിസിസി പ്രസിഡൻന്‍റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയുമായിരുന്ന വി.വി പ്രകാശ് കഴിഞ്ഞ ഏപ്രിൽ 29നാണ് ഹൃദയാഘാതം മൂലം മരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പായിരുന്നു വി വി പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം. തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി പി വി അൻവറിനോട് 2700 വോട്ടിനാണ് വി വി പ്രകാശ് പരാജയപ്പെട്ടത്. പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം ഉണ്ടാക്കിയ വേദനയിൽ നിന്നും ഞെട്ടലിൽ നിന്നും കോൺഗ്രസ് പ്രവർത്തകർ ഇപ്പോഴും കരകയറിയിട്ടില്ല. ഈ ഘട്ടത്തിലാണ് അദ്ദേഹത്തിന്‍റെ പേരിൽ വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി തട്ടിപ്പും നടക്കുന്നത്.