മഞ്ചേരി മെഡിക്കല്‍ കോളേജ് വെന്റിലേറ്റര്‍ ചലഞ്ച്: ചെമ്മങ്കടവ് സ്‌കൂള്‍ വിഹിതം നല്‍കി

കോഡൂര്‍: മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുതിയ വെന്റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിനുള്ള അധ്യാപക കൂട്ടായ്മയുടെ ചലഞ്ചിലേക്ക്, ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സൗഹൃദ ക്ലബ്ബും കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസെന്‍ഡ് കൗണ്‍സലിങ് ക്ലബ്ബും ചേര്‍ന്ന് സമാഹരിച്ച തുക കൈമാറി.

മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജില്‍ പുതിയ വെന്റിലേറ്റര്‍ സൗകര്യമൊരുക്കുന്നതിലേക്ക് ചെമ്മങ്കടവ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ വിഹിതം പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസറും പ്രിന്‍സിപ്പല്‍ കെ. പ്രൈംസണും ചേര്‍ന്ന് കൈമാറുന്നു

അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് തുക സമാഹരിച്ചത്.

സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പി.ടി.എ. പ്രസിഡന്റ് പി.പി. അബ്ദുല്‍നാസറും പ്രിന്‍സിപ്പല്‍ കെ. പ്രൈംസണും ചേര്‍ന്നാണ് കോ-ഓര്‍ഡിനേറ്റര്‍ വി. ഷംസാദിന് തുക കൈമാറിയത്.

ചടങ്ങില്‍ വിവിധ ക്ലബുകളുടെ ചുമതലയുള്ള അധ്യാപകരായ എന്‍.കെ. മുജീബ് റഹിമാന്‍ (കരിയര്‍ ഗൈഡന്‍സ്), സ്മിത വിമല്‍ (സൗഹൃദ ക്ലബ്ബ്), പ്രവീണ്‍ പൂവ്വത്തിക്കല്‍, പി.എം. ഉസ്മാന്‍, കെ. സക്കീര്‍ ഹുസൈന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.