കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാം മുഖ്യമന്ത്രി.

കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരണമടയുന്നവരുടെ മൃതശരീരം നിശ്ചിത സമയം വീട്ടില്‍ കൊണ്ടുപോയി ബന്ധുക്കള്‍ക്ക് കാണാനും പരിമിതമായി മതാചാരങ്ങള്‍ നടത്താനും അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു മണിക്കൂറില്‍ താഴെ വീട്ടില്‍ അനുവദിക്കുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു.

 

മരണമടഞ്ഞ രോഗിയുടെ ബന്ധുക്കള്‍ക്ക് ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കേണ്ടതുണ്ട്. കോവിഡ് ബാധിച്ച് മരണമടഞ്ഞവര്‍ നേരത്തെ വിവിധ ബാങ്കുകളില്‍നിന്നെടുത്ത ലോണുകള്‍ സ്വാഭാവികമായും മുടങ്ങിയിട്ടുണ്ടാകും. ഇതിന്റെ ഭാഗമായുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

വലിയ തിരമാല അതിവേഗം ഉയരുകയും ആഞ്ഞടിച്ച് നാശം വിതക്കുകയും ചെയ്യുന്നതിന് സമാനമായാണ് കോവിഡ് മഹാമാരി ആഘാതമേല്‍പ്പിക്കുന്നത്. ഈ തിരമാലയുടെ ശക്തിയെ തടഞ്ഞുനിര്‍ത്തി അതിന്റെ ഒഴുക്ക് മന്ദഗതിയിലാക്കുക എന്ന് പ്രതിരോധ മാര്‍ഗമാണ് നാശനഷ്ടങ്ങള്‍ ഒഴിവാക്കാനായി നാം സ്വീകരിച്ചത്.

 

അത് സാധിക്കാത്ത ഇടങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് നാം കണ്ടതാണ്. ശ്മശാനങ്ങളില്‍ മൃതദേഹങ്ങളുമായി ജനങ്ങള്‍ വരിനില്‍ക്കുന്ന അവസ്ഥ ചിലയിടങ്ങളിലുണ്ടായി. അത്തരമൊരു അവസ്ഥ വരാതിരിക്കാനാണ് ഇവിടെ ശ്രമിച്ചത്. ആ കാര്യത്തില്‍ നാം വിജയിക്കുക തന്നെ ചെയ്തു.

ഒരു തരംഗം പെട്ടന്നുയര്‍ന്ന് നാശം വിതച്ച് പെട്ടന്ന് താഴ്ന്ന് കടന്നു പോകുന്നതിന് സമാനമല്ല കേരളത്തില്‍ കോവിഡ് തരംഗത്തിന്റെ ഗതി. അത് ഈ കാരണം കൊണ്ട് തന്നെ പതുക്കെ കുറഞ്ഞ് കുറച്ചുകൂടി സമയമെടുത്താണ് അവസാനിക്കുക. അതുകൊണ്ടാണ് അക്കാര്യത്തില്‍ ആശങ്ക വേണ്ടെന്ന് പറയുന്നത്. നമ്മുടെ വീഴ്ചയുടെ നിദാനമല്ല, മറിച്ച് നമ്മള്‍ കാണിച്ച ജാഗ്രതിയുടെ ലക്ഷണമാണ് ഇന്നത്തെ സ്ഥിതി.മുഖ്യമന്ത്രി പറഞ്ഞു.