മലപ്പുറം ജില്ലയിൽ 300 വിദ്യാർത്ഥികൾക്ക് മൊബൈലുകൾ നൽകാൻ എസ്എഫ്ഐ

ജൂലൈ ഒന്നിന് 12 മണിക്ക് താനൂർ ഏരിയയിലെ മീനടത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് മന്ത്രി വി. അബ്ദുറഹ്മാൻ നിർവ്വഹിക്കും.

മലപ്പുറം: ജില്ലയിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോണില്ലാതെ പ്രയാസം നേരിടുന്ന വിദ്യാർത്ഥികൾക്ക് പിന്തുണയുമായി എസ് എഫ് ഐ. എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ‘ഫസ്റ്റ് ബെൽ മിഷൻ 2’ എന്ന പേരിൽ മൊബൈൽ ഫോൺ ചലഞ്ച് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ അധ്യയന വർഷം ‘ഫസ്റ്റ് ബെൽ’ എന്ന പേരിൽ സംഘടിപ്പിച്ച ടിവി ചലഞ്ചിന്റെ തുടർച്ചയായാണ് മൊബൈൽ ചലഞ്ച്. മൊബൈൽ ഫോൺ ചലഞ്ചിലൂടെ സൗകര്യം ഒരുക്കാനാണ് എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.

ജില്ലയിലെ 16 ഏരിയാ കമ്മിറ്റികളുടെയും സീനിയർ ക്യാമ്പസ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിവിധങ്ങളായ ചലഞ്ചുകൾ സംഘടിപ്പിച്ചാണ് മൊബൈൽ ചലഞ്ചിന് ആവശ്യമായ പണം കണ്ടെത്തുന്നത്. എടക്കര, വണ്ടൂർ, മങ്കട, വളാഞ്ചേരി, എടപ്പാൾ, തിരൂർ, താനൂർ, പൊന്നാനി എന്നീ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ചും, മഞ്ചേരി, പെരിന്തൽമണ്ണ എന്നീ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ പായസ ചലഞ്ചും സംഘടിപ്പിച്ചു.

 

മലപ്പുറം, അരീക്കോട് ഏരിയാ കമ്മിറ്റികൾ ന്യൂസ് പേപ്പർ ചലഞ്ച് ഏറ്റെടുത്ത് പൂർത്തീകരിച്ചു. നിലമ്പൂർ, മഞ്ചേരി 15, പെരിന്തൽമണ്ണ, തിരൂരങ്ങാടി, കോട്ടക്കൽ, കൊണ്ടോട്ടി എന്നീ ഏരിയാ കമ്മിറ്റികളിൽ ന്യൂസ് പേപ്പർ ചലഞ്ചിന്റെ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. വിവിധ ഏരിയകളിൽ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും ഇത്തരം ചലഞ്ചുകൾ സംഘടിപ്പിക്കുന്നുണ്ട്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഗവൺമെന്റ് മെഡിക്കൽ കോളേജ് മഞ്ചേരി, മലയാള സർവകലാശാല എന്നിവിടങ്ങളിലും വിവിധങ്ങളായ ചാലഞ്ചുകൾ എസ് എഫ് ഐ യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരുന്നു.

 

 

 

ചലഞ്ചുകൾക്ക് പുറമേ വ്യക്തികളിൽ നിന്ന് നേരിട്ട് സംഭാവന കൈപ്പറ്റിയും മൊബൈൽ ഫോണിന് ആവശ്യമായ പണം കണ്ടെത്തുന്നുണ്ട്. മലയാള സർവകലാശാല വൈസ് ചാൻസലർ ഡോ അനിൽ വള്ളത്തോൾ, കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എം കെ ജയരാജ്, പ്രോ വൈസ് ചാൻസലർ ഡോ. എം നാസർ, രജിസ്ട്രാർ ഡോ. ഇ കെ സതീഷ്, സെക്യൂരിറ്റി ഓഫീസർ ക്യാപ്റ്റൻ മണി കെ, മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി എന്നിങ്ങനെ ജില്ലയിലെ വിദ്യാഭ്യാസ, സാംസ്കാരിക രംഗങ്ങളിൽ സജീവമായ പ്രമുഖവ്യക്തികൾ എസ് എഫ് ഐ മൊബൈൽ ചലഞ്ചിലേക്ക് സംഭാവന നൽകി.

 

പൂർത്തീകരിച്ച ചലഞ്ചുകളും വ്യക്തികൾ നൽകിയ സംഭാവനകളും വഴി നിലവിൽ 20 ലക്ഷത്തിലധികം രൂപ സ്വരൂപിക്കാൻ എസ് എഫ് ഐ ജില്ലാ കമ്മിറ്റിക്ക് സാധിച്ചു. ഈ പണം ഉപയോഗിച്ച് 300 മൊബൈൽ ഫോണുകൾ വാങ്ങിക്കുകയും ചെയ്തു. മൊബൈൽ ഫോൺ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബഹുമാനപ്പെട്ട മന്ത്രി വി. അബ്ദുറഹ്മാൻ ജൂലൈ ഒന്നിന് ഗവൺമെന്റ് ഹൈസ്കൂളിൽ വെച്ച് നിർവഹിക്കും. ജൂലൈ ഒന്നിന് 12 മണിക്ക് താനൂർ ഏരിയയിലെ മീനടത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് ചടങ്ങ്.

 

 

മൊബൈൽ ചലഞ്ചിന് പുറമേ ‘നമുക്കൊരുക്കാം, അവർ പഠിക്കട്ടെ’ എന്ന മുദ്രാവാക്യം ഉയർത്തി ജില്ലയിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്വാർത്ഥികൾക്ക് പഠനോപകരണ വിതരണവും എസ് എഫ് ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇതിനോടകം 9000മ്പതിനായിരത്തിലധികം വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു കഴിഞ്ഞു.

 

‘കേവലം മൊബൈൽ ഫോണുകൾ വാങ്ങി നൽകുന്ന പ്രവർത്തനം എന്നതിനപ്പുറം ഡിജിറ്റൽ ഡിവൈഡിന് എതിരായ ഒരു സമരം എന്ന നിലക്കാണ് എസ് എഫ് ഐ ഈ ക്യാമ്പയിൻ ഏറ്റെടുത്തിട്ടുള്ളത്. ക്യാമ്പയിനുമായി സഹകരിച്ച മുഴുവൻ പേരെയും, ചലഞ്ചുകൾ സംഘടിപ്പിച്ച് കാമ്പയിൻ വൻവിജയമാക്കി തീർത്ത ജില്ലയിലെ മുഴുവൻ എസ് എഫ് ഐ പ്രവർത്തകരെയും എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അഭിവാദ്യം ചെയ്യുന്നു. ഫസ്റ്റ് മിഷൻ 2 മൊബൈൽ ചലഞ്ച് ക്യാമ്പയിന് കൂടുതൽ പിന്തുണ നൽകണമെന്ന് മലപ്പുറത്തെ ജനതയോട് അഭ്യർത്ഥിക്കുന്നു’ – എസ് എഫ് ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.