ഇന്ത്യയുടെ ഭൂപടം തെറ്റായി പ്രദർശിപ്പിച്ചതിന് ട്വിറ്റർ ഇന്ത്യ എം ഡിക്കെതിരെ യു പി പൊലീസ് കേസെടുത്തു.
ലക്നൗ : രാജ്യത്തിന്റെ ഭൂപടം വികലമായി പ്രദർശിപ്പിച്ചതിന് ട്വിറ്റർ ഇന്ത്യ എംഡിക്കെതിരെ കേസ്. യു പി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ബജ്രംഗ്ദൾ നേതാവിന്റെ പരാതിയിലാണ് പൊലീസ് നടപടി. വിദ്വേഷവും, ശത്രുതയും സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ട്വിറ്ററിന്റെ ‘ട്വീറ്റ് ലൈഫ്’ എന്ന വിഭാഗത്തിലാണ് ലഡാക്കും, ജമ്മു കാശ്മീരും ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രത്യക്ഷപ്പെട്ടത്.
പുതിയ ഐ.ടി. നിയമങ്ങൾ പാലിക്കാതെ കേന്ദ്ര സർക്കാരുമായി ഇടഞ്ഞു നിൽക്കുന്ന ട്വിറ്റർ ഇന്ത്യയുടെ ഭൂപടം തെറ്റായി വെബ്‌സൈറ്റിൽ പ്രദർശിപ്പിച്ചതോടെ കൂടുതൽ പ്രതിരോധത്തിലായിരിക്കുകയാണ്.
ഭൂപടം വിവാദമായതോടെ രാത്രി വൈകി നീക്കം ചെയ്തിരുന്നു. കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കാശ്മീരും ലഡാക്കും ഇന്ത്യയ്ക്ക് പുറത്ത് പ്രത്യേക രാജ്യങ്ങളായി രേഖപ്പെടുത്തിയ ഭൂപടമാണ് ട്വിറ്റർ തങ്ങളുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്തിരുന്നത്.
രാജ്യത്തിന്റെ ഭൂപടം വികലമാക്കിയ ട്വിറ്ററിനെതിരെ സമൂഹ മാദ്ധ്യമങ്ങളിലടക്കം കടുത്ത പ്രതിഷേധം ഉയർന്നു. ഇത് രണ്ടാമത്തെ തവണയാണ് ട്വിറ്റർ ഇന്ത്യയുടെ ഭൂപടം വികലമായി ചിത്രീകരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ട്വിറ്ററിലെ ജിയോ ലൊക്കേഷനിൽ ജമ്മു കാശ്മീരിലെ ലേ ചൈനയുടെ ഭാഗമായി കാണിച്ചിരുന്നു.