സൗദിയിൽ വെച്ച് 2012 ൽ കാണാതായ മലയാളി രേഖകളിൽ ഇല്ലെന്ന് വ്യക്തം.

2012 ൽ സഊദിയിൽ എത്തിയ അബ്ദുൽ അസീസ് നാല് വർഷങ്ങൾക്ക് ശേഷം ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോയതാണ് ജവാസാത് രേഖകളിൽ വ്യക്തമാക്കുന്നത്

ദമാം: നാല് വർഷം മുമ്പ് സഊദിയിലേക്ക് പോയ യുവാവിനെ കാത്ത് കുടുംബം കാത്തിരിക്കുന്നുവെന്ന വാർത്തകൾക്ക് പിന്നാലെ ഇദ്ദേഹം സഊദിയിൽ എത്തിയിട്ടില്ലെന്ന് രേഖകൾ. യുവാവിന്റെ ഉമ്മയുടെ സഹായാഭ്യർത്ഥനയോടെ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിന്ന കാണാതാകൽ വാർത്ത വ്യാപകമായതിനെ തുടർന്ന് സാമൂഹ്യ പ്രവർത്തകൻ ഷാജി വയനാട് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക രേഖകളും ഇദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. 2012 ൽ സഊദിയിൽ എത്തിയ അബ്ദുൽ അസീസ് നാല് വർഷങ്ങൾക്ക് ശേഷം ഫൈനൽ എക്‌സിറ്റിൽ നാട്ടിൽ പോയതാണ് സഊദി ജവാസാത് രേഖകളിൽ ഉള്ളത്. ഇതോടെ ഇദ്ദേഹത്തിന്റെ കാണാതാകലിൽ ദുരൂഹത ഏറിയിരിക്കുകയാണ്.

പൊന്നാനി ബിയ്യം, തയ്യിലവളപ്പിൽ പരേതനായ മുഹമ്മദിേൻറയും ഫാത്വിമയുടെയും മകൻ അസീസിനെയാണ് (37) കുടുംബം പ്രാർഥനയോടെ കാത്തിരിക്കുന്നതായ വാർത്തകൾ ആയിരുന്നു വ്യാപകമായി പ്രചരിച്ചിരുന്നത്. ഇദ്ദേഹത്തെ എങ്ങനെ എങ്കിലും കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. നേരത്തേ ഗൾഫിലുണ്ടായിരുന്ന അസീസ് നാലുവർഷത്തിനുമുമ്പ് അവധിക്ക് നാട്ടിലെത്തി മടങ്ങിയിരുന്നാണ് വാർത്തകൾ ഉണ്ടായിരുന്നത്. വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ അസീസ് ജോലിക്കായി കൊച്ചിയിലേക്ക് പോയതാണ്.

അവിടെനിന്നാണ് വീണ്ടും ഗൾഫിലേക്ക് മടങ്ങിയത്. പോകുന്നതിന് മുമ്പ് പിതൃസഹോദരെൻറ മകനോട് താൻ സഊദിയിലേക്ക് മടങ്ങുകയാണെന്നു ഫോൺ ചെയ്ത് പറഞ്ഞത് മാത്രമാണ് കുടുംബത്തിെന്റെ പക്കലുള്ള തെളിവ്. കൂടാതെ ഖത്തറിലുള്ള സുഹൃത്തിനോട് താൻ ദമാമിലെ ബർഗർ കിങ് റസ്റ്റാറൻറിലാണ് ജോലി ചെയ്യുന്നതെന്നും വാട്സ്ആപ്പിൽ ഒരു ശബ്ദ സന്ദേശവും അയച്ചിരുന്നു. പിന്നീട് ഇതുവരെയും വീട്ടുകാരുമായോ കൂട്ടുകാരുമായോ അസീസ് ബന്ധപ്പെട്ടിട്ടില്ല. ഉപ്പ നേരത്തേ മരിച്ചുപോയിരുന്നു.

വാർധക്യവും ഹൃദ്രോഗവും തളർത്തിയ ഉമ്മ ഫാത്തിമ മകനെ ഒരു നോക്ക് കാണണമെന്ന ആവശ്യവുമായി മുട്ടാത്ത വാതിലുകളില്ല. എല്ലായിടത്തും അന്വേഷിച്ചെങ്കിലും അസീസിനെ കണ്ടെത്താനായില്ല. അദ്ദേഹത്തിെന്റെ നാട്ടുകാരനായ മനാഫ് ഈ വിവരമറിഞ്ഞ് ബർഗർ കിങ്ങിെന്റെ ശാഖകളിൽ കയറിയിറങ്ങി ഇദ്ദേഹത്തിെന്റെ ഫോട്ടാ കാണിച്ച് അന്വേഷണം നടത്തിയിരുന്നു. പക്ഷേ അവിടെയുള്ള ഹിന്ദിക്കാർക്കോ, സിറിയക്കാർക്കോ അസീസിനെ കണ്ടതായിപ്പോലും ഓർമയില്ല.

അവസാനമായി അസീസിനെ ഒന്നു കാണണമെന്നുള്ള ഉമ്മയുടെ ആഗ്രഹം സഫലമാക്കാൻ സുഹൃത്തുക്കൾ നടത്തിയ അന്വേഷണത്തിനിടെയാണ് ദുരൂഹത വർധിപ്പിച്ച് അസീസ് സഊദിയിൽ തിരിച്ചെത്തിയിട്ടില്ലെന്ന് രേഖകൾ വ്യക്തമാക്കുന്നത്. ഇതോടെ, നാട്ടിലും അന്വേഷണങ്ങൾ ഉണ്ടാകണമെന്നാണ് ഏവരും ആവശ്യപ്പെടുന്നത്. ദുരൂഹത വർധിച്ച സാഹചര്യത്തിൽ നാട്ടിൽ സർക്കാർ തലത്തിൽ കൃത്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.