പരപ്പനങ്ങാടി: നഗരസഭയിൽ കർശന കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുമ്പോഴും മാനദണ്ഡങ്ങൾ പാലിക്കാതെ കാളപൂട്ട് നടത്തിയതിന് കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തു. പരപ്പനങ്ങാടി അറ്റങ്ങാടിയിലെ കാളപൂട്ട് കണ്ടത്തിലാണ് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി പേർ കാളകളുമായെത്തിയത്.
രാവിലെ ഏഴുമണിമുതൽ കാളപൂട്ട് മത്സരം ആരം ഭിച്ചിരുന്നു. കാളപൂട്ട് കാണാനെത്തിയവരും മത്സരത്തിൽ പങ്കെടുത്തവരും മാസ്ക് ധരിക്കുകയോ, അകലം പാലിക്കുകയോ ചെയ്തിരുന്നി ല്ലെന്ന് പരിസരവാസികൾ പറയുന്നു. പതിനൊന്ന് മണിവരെ മത്സരത്തിന് അനുമതിയുണ്ടായിരുന്നത്.
എന്നാൽ പരാതി ഉയർന്നതിനെ തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ സാംക്രമികരോഗം പകരും എന്ന അറിവോടെ കാളപൂട്ട് നടത്തി എന്ന കുറ്റം ചുമത്തി കണ്ടാലറിയാവുന്ന 20 ഓളം പേർക്കെതിരെ പരപ്പനങ്ങാടി പൊലീസ് കേസെടുക്കുകയായിരുന്നു.
മഞ്ചേരി, കൊണ്ടോട്ടി, കോട്ടക്കൽ, വളാഞ്ചേരി, എടപ്പാൾ, മുതലായ സ്ഥലങ്ങളിൽ നിന്നായി എത്തിയവർ ഇതിനകം ക ന്നുകളുമായി മടങ്ങിപ്പോയിരുന്നു. മറ്റു പ്രദേശങ്ങളിൽ നിന്നും ഇത്തരത്തിൽ നിരവധി ആളുകൾ കാളകളുമായി എത്തിയതിനാൽ കടകൾ തുറക്കുന്നതിനും പള്ളികളടക്കമുള്ള ആരാധനാലയങ്ങളും പള്ളിക്കൂടങ്ങളും തുറക്കുന്നതിനു കർശനനിയന്ത്രങ്ങൾ തുടരുമ്പോൾ കാളപ്പുട്ടുമത്സരത്തിനു ഏതു കേന്ദ്രങ്ങളാണ് അനുമതി നൽകിയതെന്നറിയില്ല.
സംഭവത്തിൽ റവന്യൂ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. നിയമലംഘനത്തിനെതിരെയും കാളപൂട്ടിനു ഒത്താശ ചെയ്തു കൊടുത്തവർക്കെതിരെയും പ്രതിഷേധം ശക്തമായി. എന്നാൽ അധികൃതരുടെ അറിവോടെയാണ് കാളപൂട്ട് നടക്കുന്നതെന്ന ആരോപണമുണ്ട്. ഇതിനിടക്ക് കാളകളെ പരിശീലിപ്പിക്കുന്നതിനു മൃഗഡോക്ടറുടെ സർട്ടിഫിക്കറ്റ് കാളപ്പൂട്ടുകാർ പൊലീസിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇത് കഴിഞ്ഞവർഷം നൽകിയ സർട്ടിഫിക്കറ്റാണെന്ന് കണ്ടത്തിയിരുന്നു.