ഇന്നും പെട്രോൾ വില കുത്തനെ കൂട്ടി; ഇന്നത്തെ വില അറിയാം 

ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

തിരുവനന്തപുരം: രാജ്യത്ത് ഇന്നും പെട്രോൾവില കൂട്ടി. ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില നൂറ്റിയൊന്ന് രൂപ കടന്നു. കൊച്ചിയിൽ 94 രൂപ97 പൈസയാണ് പുതിയ നിരക്ക്. ഡീസൽ വിലയിൽ ഇന്ന് മാറ്റമില്ല.

കഴിഞ്ഞ മാസം 17 തവണയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിയത്. ആറു മാ​സത്തി​നി​ടെ 58 ത​വ​ണ​യാണ് വില വർധിക്കുന്നത്.

ഇന്നലെ പെട്രോൾ, ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ഇന്ധന വില സർവകാല റെക്കോർഡിൽ തുടരുകയാണ്. ബുധനാഴ്ചയും ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ചൊവ്വാഴ്ച പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയും വർധിപ്പിച്ചിരുന്നു.

അതേസമയം, പാചകവാതക വിലയും കഴിഞ്ഞ ദിവസം വർധിപ്പിച്ചു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപയാണ് ഇന്നലെ വർധിപ്പിച്ചത്. കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്നലെ മുതല്‍ പ്രാബല്യത്തിൽ വന്നു.

 

ചരക്ക് കൂലി, ഡീലർമാരുടെ കമ്മീഷൻ, എക്സൈസ് തീരുവ, മൂല്യവർധിത നികുതി (വാറ്റ്) എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇന്ധന വില നിശ്ചയിക്കുന്നത്. പല സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിലെ പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നപ്പോൾ ഡീസൽ വില ഇരട്ട അക്കത്തിൽ തുടരുന്നു. ഡീസൽ വിലയും പല നഗരങ്ങളിലും നൂറിനോട് അടുക്കുകയാണ്.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നുനിൽക്കുകയാണ്. യുഎസ് വെസ്റ്റ് ടെക്സാസ് ഇന്റർമീഡിയറ്റ് ക്രൂഡോയിലിന് ബാരലിന് 73.43 ഡോളറിനാണ് വ്യാപാരം നടക്കുന്നത്. ബ്രെന്റ് ക്രൂഡിന് ബാരലിന് 75.07 ഡോളറാണ്.