അര്‍ജുന്‍ ആയങ്കിയുടെ ഭാര്യക്ക് കസ്റ്റംസിന്‍റെ നോട്ടീസ്

മലപ്പുറം: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യ അമലക്ക് കസ്റ്റംസിന്‍റെ നോട്ടീസ്. തിങ്കളാഴ്ച കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിച്ചറിയുവാൻ കൊച്ചിയിലെ ഓഫീസിൽ ഹാജരാകാനാണ് അമലയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശം.

അതേസമയം സ്വര്‍ണക്കടത്തിന് പിന്നില്‍ ടി. പി കേസ് പ്രതികളായ കൊടി സുനിയും ഷാഫിയും ആണെന്ന് അര്‍ജുന്‍ ആയങ്കി പറഞ്ഞതായി ഷെഫീഖ് കസ്റ്റംസിന് മൊഴി നല്‍കി. സ്വര്‍ണം കവര്‍ച്ച ചെയ്തിട്ടുണ്ടെന്ന് കസ്റ്റംസിനോട് അര്‍ജുന്‍ സമ്മതിച്ചു.

ഇതാദ്യമായാണ് സ്വര്‍ണക്കടത്തിലെ ബന്ധം സമ്മതിച്ചുള്ള മൊഴി അര്‍ജുന്‍ നല്‍കുന്നത്. ദുബൈയില്‍ നിന്ന് കൊണ്ടുവരുന്ന സ്വര്‍ണം ഒരു തവണ കവര്‍ച്ച ചെയ്തിട്ടുണ്ട്. 21ാം തിയതി കരിപ്പൂരില്‍ എത്തിയത് പൊട്ടിക്കല്‍ പ്ലാനുമായാണ്. പൊട്ടിക്കലിന് സഹായിക്കുന്നത് ദുബൈയിലെ സുഹൃത്താണെന്നും അര്‍ജുന്‍ മൊഴി നല്‍കി. കണ്ണൂരിലെ തെളിവെടുപ്പിന് ശേഷം അര്‍ജുനെ ഇന്ന് രാത്രിയോടെ കൊച്ചിയില്‍ എത്തിക്കും. ഷെഫീഖിന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ അര്‍ജുനെ വിശദമായി ചോദ്യം ചെയ്യും. ചൊവ്വാഴ്ച വരെയാണ് അര്‍ജുന്‍ കസ്റ്റംസിന്‍റെ കസ്റ്റഡിയില്‍ ഉള്ളത്.