പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17-കാരന് ക്രൂരമർദനം.

മലപ്പുറം: സഹപാഠിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചതിന് 17-കാരന് ക്രൂരമർദനം. തിരൂർ തൃപ്രങ്ങോട് പഞ്ചായത്തിലെ കൈമലശേരി സ്വദേശിയായ പ്ലസ്ടു വിദ്യാർഥിയെയാണ് ഒരു സംഘമാളുകൾ മർദിച്ചത്.

ജൂൺ അഞ്ചിനാണ് വിദ്യാർഥിക്ക് മർദനമേറ്റത്. എന്നാൽ സംഘത്തിന്റെ ഭീഷണിയുണ്ടായതിനാൽ സംഭവം വിദ്യാർഥി വീട്ടിൽ പറഞ്ഞില്ല. ശാരീരിക ബുദ്ധിമുട്ടുകൾ കൂടിയതോടെയാണ് വീട്ടുകാർ സംഭവമറിയുന്നത്.

വ്യാഴാഴ്ച കുട്ടിയെ ആലത്തിയൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടിവയറ്റിൽ പരിക്കുണ്ട്. പരപ്പേരി സ്കൂളിന് സമീപത്തേക്ക് വിദ്യാർഥിയെ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നു. കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ സംഘം തട്ടിയെടുത്തു. മർദനത്തിന് നേതൃത്വം നൽകിയത് പുറമെനിന്നുള്ള സംഘമാണെന്ന് വിദ്യാർഥി പറഞ്ഞു.

ബന്ധുക്കൾ തിരൂർ പോലീസിൽ പരാതി നൽകി. തിരൂർ സി.ഐ. ടി.പി. ഫർഷാദിന്റെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് പറഞ്ഞു.