ചമ്രവട്ടം അപ്രോച് റോഡ് നിർമാണ അഴിമതിക്കേസിൽ കെ.ടി. ജലീലി​​ന്റെയും ശ്രീരാമകൃഷ്​ണ​ന്റെയും പങ്കാളിത്തം അന്വേഷിക്കണമെന്ന്​ 

പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ എം.എൽ.എമാരായിരുന്ന കെ.ടി. ജലീലും ശ്രീരാമകൃഷ്​ണനും ടെൻഡറില്ലാതെ കരാർ നൽകാൻ കത്ത്​ നൽകിയെന്ന്​ കണ്ടെത്തിയിട്ടുണ്ട്​​.

കൊച്ചി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്‌ജ് അപ്രോച് റോഡ് നിർമാണ അഴിമതിക്കേസിൽ കെ.ടി. ജലീൽ എം.എൽ.എ, മുൻ സ്​പീക്കർ ശ്രീരാമകൃഷ്​ണൻ എന്നിവരുടെ പങ്കാളിത്തം അന്വേഷിക്കണമെന്ന്​ പരാതിക്കാരൻ. ചമ്രവട്ടം ​റെഗുലേറ്റർ കം ബ്രിഡ്ജി​ന്റെ അഞ്ച് അപ്രോച് റോഡുകൾക്ക്​ ടെൻഡർ ഇല്ലാതെ കരാർ നൽകിയതുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കുന്ന വിജിലൻസ്​ മുമ്പാകെയാണ്​ പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഈ ആവശ്യമുന്നയിച്ചത്​.

 

വി.കെ. ഇബ്രാഹീംകുഞ്ഞ്​ മന്ത്രിയായിരിക്കെ ​പദ്ധതി നിർമാണമേഖലയായ പൊന്നാനി, തവനൂർ മണ്ഡലങ്ങളിലെ എം.എൽ.എമാരായിരുന്ന കെ.ടി. ജലീലും ശ്രീരാമകൃഷ്​ണനും ടെൻഡറില്ലാതെ കരാർ നൽകാൻ കത്ത്​ നൽകിയെന്ന്​ കണ്ടെത്തിയിട്ടുണ്ട്​​. മൂന്ന്​ റോഡി​ന്റെ മാത്രം നിർമാണമാണ്​ പൂർത്തിയായത്​.

ശേഷിക്കുന്ന രണ്ടെണ്ണത്തി​ന്റെ നിർമാണം നടന്നില്ല. എൽ.ഡി.എഫ്​ ഭരണകാലത്തുപോലും ഇത്​ നടന്നില്ല. ഇതുകൂടി കണക്കിലെടുത്ത്​ ഇരുവരു​ടെയും പങ്കാളിത്തം കൃത്യമായി അന്വേഷിക്കേണ്ടതുണ്ടെന്ന്​ പരാതിക്കാരൻ ആവശ്യപ്പെട്ടു.

ശേഷിക്കുന്ന രണ്ട്​ ജോലികൂടി പൂർത്തിയാക്കാൻ കരാറുകാർ കൺസ്​ട്രക്​ഷൻ കോർപറേഷനെ സമീപി​ച്ചെന്നും കോർപറേഷൻ സർക്കാറിന്​ ഇത്​ കൈമാറിയെങ്കിലും തള്ളിയെന്നും പരാതിക്കാരൻ പറഞ്ഞു. ക്രമക്കേട്​ നടത്തിയവരെ തന്നെ വീണ്ടും ഏൽപിക്കേണ്ടതില്ലെന്ന്​ വ്യക്തമാക്കിയാണ്​ ആവശ്യം തള്ളിയത്​. മൂന്ന്​ അപ്രോച്​ റോഡുകളുടെ നിർമാണക്കരാറുമായി ബന്ധപ്പെട്ട്​ ക്രമക്കേട്​ നടന്നെന്ന്​ വ്യക്തമാക്കുന്നതാണ്​ ഈ നിലപാടെന്നും വ്യക്തമാക്കി.

വിജിലൻസ്​ അന്വേഷണ ഉദ്യോഗസ്ഥനായ സഖറിയ മാത്യുവി​ന്റെ നേതൃത്വത്തിൽ 11 മണിയോടെ ആരംഭിച്ച മൊഴിയെടുപ്പ്​ മൂന്ന്​ മണിയോടെയാണ്​ പൂർത്തിയായത്​. 2012-13 കാലഘട്ടത്തിൽ അപ്രോച് റോഡ് നിർമിക്കാൻ 35 കോടിയുടെ കരാർ നൽകിയതിൽ രണ്ടുകോടിയുടെ നഷ്​ടം സർക്കാറിനുണ്ടായി എന്നാണ് കേസ്​. മൂവാറ്റുപുഴ വിജിലൻസ്​ കോടതിയാണ്​ അന്വേഷണത്തിന് ഉത്തരവിട്ടത്. മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജാണ്​ കേസിലെ ഒന്നാം പ്രതി.