അനര്‍ഹ മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ ജൂലൈ 15നകം പൊതുവിഭാഗത്തിലേക്ക് മാറ്റണം

ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ 17622 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ കൈവശം വച്ചിട്ടുള്ളവര്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് ജൂലൈ 15 നകം അപേക്ഷ നല്‍കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ ടി. ബഷീര്‍ അറിയിച്ചു. സ്വമേധയാ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് പിഴ, കാര്‍ഡ് റദ്ദ് ചെയ്യല്‍, ക്രിമിനല്‍ കുറ്റം ചുമത്തല്‍, ജീവനക്കാര്‍ക്കെതിരെയുള്ള വകുപ്പുതല നടപടികള്‍ എന്നിവയില്‍ നിന്നും ജൂലൈ 15 വരെ ഇളവു നല്‍കും.

2021 ജൂണ്‍ ഒന്ന് മുതല്‍ ഇതുവരെ ജില്ലയില്‍ 992 എ.എ.വൈ(മഞ്ഞ) കാര്‍ഡുകളും 10201 മുന്‍ഗണനാ കാര്‍ഡുകളും(പിങ്ക്) 6429 എന്‍.പി.എസ് കാര്‍ഡുകളും(നീല) അടക്കം 17622 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്കു മാറ്റിയിട്ടുണ്ട്. ജില്ലയില്‍ സപ്ലൈ ഓഫീസുകളില്‍ നേരിട്ടും അദാലത്തുകള്‍ വഴിയും അപേക്ഷ നല്‍കിയ 33,800 ല്‍ പരം കുടുംബങ്ങളാണ് മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നതിനുള്ള മുന്‍ഗണനാ സീനിയോറിറ്റി പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ളത്. മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതപ്പെട്ടവരെ മുന്‍ഗണനാ വിഭാഗത്തിലേയ്ക്ക് മാറ്റുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് മുന്‍ഗണനാ കാര്‍ഡുകള്‍ അനര്‍ഹമായി കൈവശം വച്ചിട്ടുള്ളവര്‍ ജൂലൈ 15 നകം തന്നെ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേയ്ക്ക് മാറ്റുന്നതിന് സ്വമേധയാ അപേക്ഷ നല്‍കണം.

 

അനര്‍ഹമായ കാര്‍ഡുകള്‍ കണ്ടെത്തുന്നതിനുള്ള റേഷന്‍കട തലത്തിലുള്ള പരിശോധനകള്‍ ജൂലൈ 16 മുതല്‍ ശക്തമാക്കും. പരിശോധനയില്‍ അനര്‍ഹമായി മുന്‍ഗണനാ കാര്‍ഡ് കൈവശം വച്ചതായി കണ്ടെത്തുന്ന കാര്‍ഡുടമകളില്‍ നിന്നും കൈപ്പറ്റിയ ഭക്ഷ്യ വസ്തുക്കളുടെ വിപണി വില പിഴയായി ഈടാക്കുമെന്നും മറ്റ് കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു.