അനുമതിയില്ലാതെ ഹജ്ജിനായി മക്കയില്‍ പ്രവേവശിക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ കടുത്ത പിഴ

സൗദി: അനുമതിയില്ലാതെ ഹജ്ജിനായി മക്കയില്‍ പ്രവേവശിക്കുന്നവര്‍ക്ക് പിടിക്കപ്പെട്ടാല്‍ കടുത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം. ആദ്യ തവണ പിടിക്കപ്പെട്ടാല്‍ 10,000 റിയാലും ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തും. നാളെ മുതല്‍ മസ്ജിദുല്‍ ഹറമിലേക്കും ഹജ്ജുമായി ബന്ധപ്പെട്ട പരിസര പ്രദേശങ്ങളിലേക്കുമുള്ള പ്രവേശനം പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി.

ഹജ്ജ് മന്ത്രാലയം നല്‍കുന്ന ഔദ്യോഗിക അനുമതി പത്രമില്ലാതെ ഹജ്ജിനെത്തുന്ന ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കെതിരെയാണ് കടുത്ത പിഴ ഉള്‍പ്പെടയുള്ള ശിക്ഷാനടപടികള്‍ സ്വീകരിക്കുക. മക്കയിലെ മസ്ജിദുല്‍ ഹറം പരിസരങ്ങള്‍ ഹജ്ജ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട മിന, മുസ്ദലിഫ, അറഫ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനമാണ് അനുമതിയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയത്. നാളെ മുതല്‍ ദുല്‍ഹജ്ജ് 13 വരെയാണ് പ്രവേശന വിലക്ക്.

 

പ്രത്യേക അനുമതി പത്രമില്ലാതെ ഇവിടങ്ങളില്‍ നിന്ന് പിടിക്കപ്പെട്ടാല്‍ ആദ്യതവണ 10000 റിലായും ലംഘനം ആവര്‍ത്തിച്ചാല്‍ ഇരട്ടി തുകയും പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇത്തരം നിയമ ലംഘകരെ മക്കയിലെത്തിക്കുന്നതിന് സഹായം നല്‍കുന്നവരെയും പിടിക്കപ്പെട്ടാല്‍ ശിക്ഷക്ക് വിധേയമാക്കും. ഒപ്പം അനുമതിയോട് കൂടി എത്തുന്ന തീര്‍ഥാടകര്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിച്ചിരിക്കണമെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു. അല്ലാത്ത പക്ഷം രാജ്യത്തെ കോവിഡ് പ്രതിരോധ നിയമ ലംഘന പ്രകാരം ലഭിക്കാവുന്ന പിഴയും നടപടികളും നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.