യെമെനിൽ നിന്നെത്തിയ മലപ്പുറം സ്വദേശി ഉൾപ്പെടെ രണ്ടു പേർ ചെന്നൈയിൽ അറസ്റ്റിൽ.

ചെന്നൈ: യാത്രാ വിലക്ക് നേരിടുന്ന യെമെനിൽ നിന്നുവന്ന മലയാളി ഉൾപ്പെടെ രണ്ടുപേർ ചെന്നൈ വിമാനത്താവളത്തിൽ അറസ്റ്റിൽ. മലപ്പുറം സ്വദേശി സമീർ (38), പുതുക്കോട്ട സ്വദേശി ഫിറോസ് ഖാൻ (33) എന്നിവരാണ് ഇമിഗ്രേഷൻ അധികൃതരുടെ പിടിയിലായത്.

ചെന്നൈ വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ യാത്രാരേഖകൾ പരിശോധിച്ചപ്പോഴാണ് ഇരുവരും യെമെനിൽനിന്ന് വന്നതാണെന്ന് കണ്ടെത്തിയത്. അതോടെ ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ അന്വേഷണത്തിനായി പോലീസിന് കൈമാറി.

2016-ലാണ് യെമെനിലേക്കുള്ള യാത്രയ്ക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്. ഇതുലംഘിച്ചാൽ പാസ്പോർട്ട് നിയമപ്രകാരം നടപടി നേരിടേണ്ടിവരും.

 

അഞ്ചുവർഷംമുമ്പ് ഡ്രൈവർ ജോലിക്കായാണ് സമീറും ഫിറോസും സൗദിയിലേക്ക് പോയത് വിസാ കാലാവധി അവസാനിച്ചതോടെ സൗദി അറേബ്യയിൽ നിന്ന് യെമെനിലേക്ക് പോയി അവിടെ നിന്ന് ഇന്ത്യയിലേക്ക് വന്നതാണെന്ന് ഇരുവരും ചോദ്യം ചെയ്യലിൽ പറഞ്ഞു.

രണ്ടുവർഷംമുമ്പ് വിസാകാലാവധി തീർന്നെങ്കിലും ഇരുവരും സൗദിയിൽ ജോലിതുടർന്നു. പിന്നീട്, അനധികൃതമായി തങ്ങിയതിന് പിടിക്കപ്പെട്ടലോ എന്ന ഭയത്തിൽ ഇവർ യെമെനിലേക്ക് പോവുകയായിരുന്നു.

അവിടെയെത്തിയ ഇരുവരും തങ്ങളുടെ പാസ്പോർട്ടുകൾ നഷ്ടപ്പെട്ടെന്നുപറഞ്ഞ് ഏജന്റുമാരുടെ സഹായത്തോടെ ഇന്ത്യൻ എംബസിയിൽ വ്യാജ വിവരങ്ങൾ നൽകി യാത്രയ്ക്കുള്ള എമർജൻസി സർട്ടിഫിക്കറ്റ് നേടി. അതുപയോഗിച്ച് ഷാർജയിലേക്ക് കടക്കുകയായിരുന്നു. അവിടെനിന്നാണ് ഇന്ത്യയിലേക്ക് വിമാനം കയറിയത്.