നാളെ മുതല്‍ മഴ തിരികെയെത്തും, ഇന്ന് കാറ്റിന് സാധ്യത

മണ്‍സൂണ്‍ ബ്രേക്കിന് ശേഷം കേരളത്തില്‍ കാലവര്‍ഷം തിരികെയെത്തുന്നു. ഇന്നു (തിങ്കള്‍) രാത്രി മുതല്‍ കാലവര്‍ഷത്തിന്റെ ഭാഗമായ മഴ അങ്ങിങ്ങായി ലഭിക്കും. നാളെ മുതല്‍ കൂടുതല്‍ പ്രദേശങ്ങളില്‍ മഴക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും. ജൂണ്‍ 28നുള്ള അന്തരീക്ഷസ്ഥിതി തന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും അതിനാല്‍ പ്രവചനത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നില്ലെന്നും നിരീക്ഷകരുടെ പാനല്‍ അറിയിച്ചു. ബുധനാഴ്ച മുതലാണ് കേരളത്തില്‍ കൂടുതല്‍ പ്രദേശത്ത് മഴ ലഭിക്കുക.

രണ്ടാഴ്ച മഴ തുടരും തുടര്‍ന്ന് വീണ്ടും ബ്രേക്ക് ജൂലൈ ഏഴു മുതല്‍ 21 വരെ കേരളത്തില്‍ സാധാരണ തോതില്‍ മണ്‍സൂണ്‍ മഴ ലഭിക്കുമെന്നാണ് നിരീക്ഷണം. കേരളത്തിനൊപ്പം പടിഞ്ഞാറന്‍ തീരത്ത് മുംബൈ വരെയുള്ള മേഖലയിലും മഴ സജീവമാകും. കേരളത്തില്‍ വടക്കന്‍ ജില്ലകളിലും മധ്യ ജില്ലകളിലുമാണ് തെക്കന്‍ ജില്ലകളേക്കാള്‍ ഈ കാലയളവില്‍ മഴ ലഭിക്കുക. കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ആദ്യ വാരം താരതമ്യേന മഴ കുറവാണ്. രണ്ടാം വാരത്തില്‍ കാസര്‍കോട് മുതല്‍ ഗുജറാത്ത് വരെയുള്ള പടിഞ്ഞാറന്‍ തീരത്ത് മഴ ശക്തിപ്പെടും. കാസര്‍കോട് മുതല്‍ കൊല്ലം വരെയുള്ള മറ്റു ജില്ലകളിലും മഴ സജീവമാകും.

കേരളത്തില്‍ കാറ്റിന് സാധ്യത

ഇന്നു (തിങ്കള്‍) മുതല്‍ കേരളത്തില്‍ കാറ്റിന് സാധ്യത. കണ്ണൂര്‍ ജില്ലയുടെ തീരദേശത്തും, കോഴിക്കോടു മുതല്‍ മലപ്പുറം വരെയുള്ള ജില്ലകളുടെ തീരദേശം, ഇടനാട് പ്രദേശങ്ങളിലും പാലക്കാട്, തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ തീരദേശം, ഇടനാട്, കിഴക്കന്‍ മേഖല എന്നിവിടങ്ങളിലും മണിക്കൂറില്‍ 40 കി.മി വരെ വേഗതയിലുള്ള കാറ്റിന് സാധ്യത. ഇന്ന് രാത്രി 10 മണിയോടെ കാറ്റ് കുറയും. ബുധനാഴ്ച വൈകിട്ടു മുതല്‍ രാത്രി വരെ പാലക്കാട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളുടെ കിഴക്കന്‍ അതിര്‍ത്തിയിലും കാറ്റിന് സാധ്യത. കടലിലും ഇന്നും നാളെയും മണിക്കൂറില്‍ 40 കി.മി വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്.

കടലില്‍ പോകരുത്

കടലില്‍ മണിക്കൂറില്‍ 40-50 കി.മി വരെ വേഗതയുള്ള കാറ്റിന് സാധ്യതയുള്ളതിനാല്‍ കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് വകുപ്പ് അറിയിച്ചു.