ഓൺലൈൻ പഠനത്തിനാവശ്യമായ മൊബൈൽ ഫോണുകൾ വിതരണം ചെയ്ത് ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്‌സൽ

തിരൂർ : ഓൺലൈൻ വിദ്യാഭ്യാസം തുടരുന്ന സാഹചര്യത്തിൽ ഡിവൈസുകളുടെ അഭാവം മൂലം പ്രയാസപ്പെടുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ സന്നദ്ധനായി മലപ്പുറം ജില്ലാ പഞ്ചായത്ത് മംഗലം ഡിവിഷൻ മെമ്പർ ഇ. അഫ്‌സൽ. ജൂൺ 10 ന് ആരംഭിച്ച മൊബൈൽ ഫോൺ ചലഞ്ച് വഴി വാങ്ങിയ 20 മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം തിരൂർ സബ് കളക്ടർ സൂരജ് ഷാജി IAS, പറവണ്ണ GVHSS ഹെഡ് മിസ്ട്രസ് ശ്രീമതി എം ആസിയക്ക് 5 മൊബൈൽ ഫോണുകൾ കൈമാറി നിർവ്വഹിച്ചു.

മംഗലം ഡിവിഷനിലെ വിദ്യാർത്ഥികളുടെ പഠനത്തിന് വേണ്ടി സഹായിച്ച മുഴുവൻ ആളുകളോടും നന്ദി രേഖപ്പെടുത്തുന്നതായി ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്‌സൽ പ്രതികരിച്ചു. ഡിവിഷനിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ഉറപ്പാക്കുന്നത് വരെ ചലഞ്ച് തുടരുമെന്നും അഫ്‌സൽ കൂട്ടിച്ചേർത്തു. തലക്കാട്, വെട്ടം, മംഗലം, പുറത്തൂർ പഞ്ചായത്തുകൾ ഉൾപ്പെടുന്ന മംഗലം ഡിവിഷനിൽ ഏറെ പ്രയാസത്തിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ജില്ലാ പഞ്ചായത്ത് മെമ്പർ ഇ. അഫ്സലിന്റെ ഇടപെടൽ.