വിദേശ മദ്യഷാപ്പുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടുന്നത് ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി.
മദ്യം വാങ്ങാൻ വരുന്നവരെ പൊതുനിരത്തിൽ വരിനിർത്തുന്നത് അപമാനകരമാണെന്നത് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിധി. നാലുവർഷം കഴിഞ്ഞിട്ടും ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹരജി.
കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശ മദ്യഷാപ്പുകൾക്ക് മുന്നിൽ ജനം തടിച്ചുകൂടുന്നത് ആശങ്കയുണ്ടാക്കുന്നതായി ഹൈകോടതി. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നൽകിയ കത്തിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ നിരീക്ഷണം. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് അഭിപ്രായപ്പെട്ട കോടതി സർക്കാറിന്റെ വിശദീകരണവും തേടി. അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം.
അതേസമയം, വിദേശമദ്യം വാങ്ങാൻ ഔട്ട്ലെറ്റുകളിലെത്തുന്നവരുടെ നിര പൊതുനിരത്തിലേക്ക് നീളുന്നില്ലെന്ന് ഉറപ്പാക്കണമെന്നും മദ്യം വാങ്ങാനെത്തുന്നവർക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്നുമുള്ള 2017 ജൂലൈ അഞ്ചിലെ ഉത്തരവ് പാലിക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹരജി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചിലെത്തി. ഇത് വ്യാഴാഴ്ച പരിഗണിക്കും.
ആൾക്കൂട്ടം ഒഴിവാക്കി കർശനമായി സമൂഹ അകലം പാലിക്കാൻ നിർദേശം നൽകിയെന്ന് സർക്കാർ വിശദീകരിച്ചെങ്കിലും വീഴ്ചയുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. രണ്ട് ഹരജിയിലും സർക്കാറും എക്സൈസ് വകുപ്പും ബിവറേജസ് കോർപറേഷനുമാണ് എതിർകക്ഷികൾ. തൃശൂർ കുറുപ്പംറോഡിലെ ബിവറേജസ് ഔട്ട്ലെറ്റിലെ ക്യൂ കച്ചവടത്തെ ബാധിക്കുന്നെന്ന് ആരോപിച്ച് സമീപത്തെ ഹിന്ദുസ്ഥാൻ പെയിന്റ്സ് നൽകിയ ഹരജിയിലാണ് 2017ൽ സിംഗിൾ ബെഞ്ചിന്റെ വിധിയുണ്ടായത്.
മദ്യം വാങ്ങാൻ വരുന്നവരെ പൊതുനിരത്തിൽ വരിനിർത്തുന്നത് അപമാനകരമാണെന്നത് അടക്കം ചൂണ്ടിക്കാട്ടിയായിരുന്നു വിധി. നാലുവർഷം കഴിഞ്ഞിട്ടും ഉത്തരവ് പാലിച്ചില്ലെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹരജി.