കോവിഡ് വ്യാപനം: മലപ്പുറം ജില്ലയില്‍ നിയന്ത്രണങ്ങള്‍ പുനഃക്രമീകരിച്ചു

ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ശരാശരി ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലിപ്പോള്‍ എ വിഭാഗത്തില്‍ ഒരു തദ്ദേശഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്നില്ല.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കി നിശ്ചയിക്കുന്ന മാനദണ്ഡങ്ങള്‍ പുഃനക്രമീകരിച്ചും 2005 ലെ ദുരന്തനിവാരണ നിയമം 26(2), 30(2), (5),34 എന്നിവ പ്രകാരം ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ ഉത്തരവിറക്കി. വ്യാഴാഴ്ച (ജൂലൈ 08) മുതല്‍ ഒരാഴ്ചയാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തിലുണ്ടാവുക. കഴിഞ്ഞ ഒരാഴ്ചയിലെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അടിസ്ഥാനമാക്കിയാണ് എ, ബി, സി, ഡി വിഭാഗങ്ങള്‍ പുതുക്കി നിശ്ചയിച്ചത്.

ശരാശരി ടി.പി.ആര്‍ നിരക്ക് 15 ശതമാനത്തിനു മുകളിലുള്ള പ്രദേശങ്ങള്‍ അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തിലാണ് ഉള്‍പ്പെടുക. 10 മുതല്‍ 15 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ അതിവ്യാപന മേഖലയായ സി വിഭാഗത്തിലും അഞ്ച് മുതല്‍ 10 ശതമാനം വരെയുള്ള പ്രദേശങ്ങള്‍ മിതവ്യാപന മേഖലയായ ബി വിഭാഗത്തിലും ഉള്‍പ്പെടും. അഞ്ച് ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളെയാണ് വ്യാപനം കുറഞ്ഞ മേഖലയായ എ വിഭാഗമായി കണക്കാക്കുക.

ജൂലൈ ഒന്ന് മുതല്‍ ഏഴ് വരെയുള്ള ശരാശരി ടി.പി.ആര്‍ നിരക്കിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലിപ്പോള്‍ എ വിഭാഗത്തില്‍ ഒരു തദ്ദേശഭരണ പ്രദേശങ്ങളും ഉള്‍പ്പെടുന്നില്ല. മിതവ്യാപന മേഖലയായ ബി വിഭാഗത്തില്‍ 30 തദ്ദേശഭരണ പ്രദേശങ്ങളും അതിവ്യാപന മേഖലയായ സി വിഭാഗത്തില്‍ 44 പ്രദേശങ്ങളും അതിതീവ്ര വ്യാപന മേഖലയായ ഡി വിഭാഗത്തില്‍ 32 പ്രദേശങ്ങളുമാണുള്ളത്. കോവിഡ് നിര്‍വ്യാപനത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ഇളവുകള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

നാല് വിഭാഗങ്ങളിലായുള്ള നിയന്ത്രണങ്ങള്‍/ഇളവുകള്‍ ചുവടെ,

 

* എ, ബി, സി, ഡി വിഭാഗങ്ങളില്‍ ഇതുവരെ ബാധകമായ ഇളവുകളും നിയന്ത്രണങ്ങളും തുടരും.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍ എന്നിവയുള്‍പ്പടെ എല്ലാ പബ്ലിക് ഓഫീസുകളും 100% ജീവനക്കാരോട് കൂടിയും സി കാറ്റഗറിയില്‍ 50% വരെ ജീവനക്കാരോട് കൂടിയും പ്രവര്‍ത്തിക്കാവുന്നതാണ്.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ, ഹോട്ടലുള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും പാര്‍സല്‍, ഹോം ഡെലിവറി എന്നിവയ്ക്കായി രാത്രി 9.30 വരെ പ്രവര്‍ത്തിക്കാവുന്നതാണ്.

* എ, ബി വിഭാഗങ്ങളിലുള്ള പ്രദേശങ്ങളിലെ, ജിമ്മുകളും ഇന്‍ഡോര്‍ സ്‌പോര്‍ട്‌സ് കേന്ദ്രങ്ങളും മതിയായ വായുസഞ്ചാരമുള്ള എസി ഉപയോഗിക്കാത്ത ഹാളുകളിലോ തുറസ്സായ സ്ഥലങ്ങളിലോ പ്രവര്‍ത്തിക്കാവുന്നതാണ്. ഒരു സമയം 20 പേരെ മാത്രമെ അനുവദിക്കാകൂ.

* കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടി ക്രമവും (എസ്.ഒ.പി), കേന്ദ്ര ടൂറിസം മന്ത്രലയം പുറപ്പെടുവിച്ച പ്രവര്‍ത്തന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി ടൂറിസം മേഖലയില്‍ താമസ സൗകര്യങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ക്ക് എ, ബി വിഭാഗങ്ങളിലെ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് പ്രതിരോധ വാക്‌സിനെങ്കിലും സ്വീകരിച്ചവരായിരിക്കണം. അതിഥികള്‍ കുറഞ്ഞത് ഒരു ഡോസ് കോവിഡ് വാക്‌സിനെടുത്തവരോ അല്ലെങ്കില്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവരോ ആയിരിക്കണം.

* ബാങ്കുകള്‍ക്കും മറ്റ് ധനകാര്യസ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്‌സ് ആക്റ്റ് -1881 പ്രകാരം ജൂലൈ 10ന് (ശനിയാഴ്ച) അവധിയായിരിക്കും.

* സി, ഡി വിഭാഗങ്ങളിലെ പ്രദേശങ്ങളില്‍ ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പടെ ഉച്ചക്ക് രണ്ട് മണി വരെ മാത്രമാണ് പ്രവര്‍ത്തിക്കാന്‍ അനുമതി.

* ജൂലൈ 10, 11 തിയ്യതികളില്‍ (ശനി, ഞായര്‍) ജൂണ്‍ ഏഴിലെ GO(Rt) No. 459/2021/DMD, ജൂണ്‍ 10ലെ GO(Rt) No. 461/2021/DMD പ്രകാരവും 2021 ജൂണ്‍ 12, 13 തിയ്യതികളില്‍ നടപ്പാക്കിയ നിയന്ത്രണങ്ങള്‍ അനുസരിച്ചുമുള്ള പൂര്‍ണ്ണമായ ലോക്ക്ഡൗണ്‍ നടപ്പാക്കുന്നതാണ്.