ലോക്ക് ഡൗൺ തുടരും, ഇളവുകൾ അറിയാം.

497 തദ്ദേശ പരിധിയിൽ എല്ലാ ജീവനക്കാരും ഹാജരാകണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം പത്തു ശതമാനത്തിൽ താഴെനിൽക്കുന്ന പ്രദേശങ്ങളിലെ സർക്കാർ,​ അ‌ർദ്ധസർക്കാർ സ്ഥാപനങ്ങളിൽ നാളെ മുതൽ മുഴുവൻ ജീവനക്കാരും ഹാജരാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൊവിഡ് അവലോകനയോഗം നിർദ്ദേശിച്ചു. 497 തദ്ദേശ സ്ഥാപന പരിധിയിലാണ് ഇതു ബാധകമാവുന്നത്. തിരുവനന്തപുരം കോർപ്പറേഷൻ മേഖലയിൽ വരുന്ന എല്ലാ സർക്കാർ ഓഫീസുകളും ഇതു പ്രകാരം പൂർണതോതിൽ പ്രവർത്തിക്കും. എന്നാൽ,സന്ദർശകർക്ക് നിയന്ത്രണമുണ്ടാവും.

ഹോട്ടലുകളുടെ പ്രവർത്തനസമയം രാത്രി 9.30വരെയാക്കി. കൂടുതൽ ഇളവുകൾ കൊവിഡ് വ്യാപനം കുറഞ്ഞാൽ മാത്രം നൽകിയാൽ മതിയെന്നും പ്രതിവാര അവലോകനയോഗം തീരുമാനിച്ചു. നാളെ മുതൽ ഒരാഴ്ചത്തേക്കുകൂടി ലോക്ക് ഡൗൺ നീട്ടി. ടി.പി.ആർ.10 ശതമാനത്തിൽ കുറയാതെ നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 175 തദ്ദേശസ്ഥാപനങ്ങളിൽ ഇത് ബാധകമാണ്. ശനി,ഞായർ വാരാന്ത്യ ലോക്ക് ഡൗൺ തുടരും. ആൾക്കൂട്ടം അനുവദിക്കില്ല.

താൽക്കാലിക ജീവനക്കാരെ ഈ ഘട്ടത്തിൽ പിരിച്ചുവിടാൻ പാടില്ല.പ്രവാസികൾക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ കേന്ദ്രസർക്കാരിന്റെ മുദ്ര‌യും വാക്സിൻ ബാച്ച് നമ്പരും പതിപ്പിക്കുന്നത് ഉറപ്പാക്കും. മെഡിക്കൽ കോളേജുകളിലെ ഭക്ഷണ ശാലകളിലടക്കം കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

 

രോഗനിരക്കും നിയന്ത്രണവും

 

എ: ടി.പി.ആർ. 5% വരെ, 82 തദ്ദേശസ്ഥാപനങ്ങൾ

 

ബി: ടി.പി.ആർ.5-10% . 415 തദ്ദേശസ്ഥാപനങ്ങൾ

 

സി: ടി.പി.ആർ. 10-15% 362 തദ്ദേശസ്ഥാപനങ്ങൾ

 

ഡി: ടി.പി.ആർ.15%ൽ കൂടുതൽ 175 തദ്ദേശസ്ഥാപനങ്ങൾ

 

ഇളവുകൾ

 

എ, ബി-

 

സർക്കാർ ഓഫീസുകളിൽ മുഴുവൻ ജീവനക്കാരും ഹാജരാകണം

 

– റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ രാത്രി 9.30 വരെ പ്രവർത്തിക്കാം.

 

– ഇൻഡോർ ഗെയിമുകൾക്കും ജിമ്മുകൾക്കും എ സി ഒഴിവാക്കി പ്രവർത്തിക്കാം. ഒരേ സമയം 20പേരിൽ കുടുതൽ പാടില്ല

 

-വിനോദ സഞ്ചാര മേഖലകളിലെ താമസ കേന്ദ്രങ്ങൾ പ്രവർത്തിക്കാം. വാക്സിൻ എടുത്തവർക്കും ആർ. ടി. പി. സി. ആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും രണ്ടിടത്തും പ്രവേശനം.

 

 സി-

 

സർക്കാർ ഓഫീസുകളിൽ 50 % ജീവനക്കാർ മാത്രം

 

നിലവിലുള്ള മറ്റ് നിയന്ത്രണങ്ങൾ അതേ പടി തുടരും.

 

-ഡി-

 

ട്രിപ്പിൾ ലോക്ക്‌ഡൗൺ