ജോലി നഷ്‍ടമായതിനെ തുടര്‍ന്ന് ബഹ്റൈനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു.

മനാമ: ജോലി നഷ്‍ടമായതിനെ തുടര്‍ന്ന് ബഹ്റൈനിലെ പാര്‍ക്കില്‍ അന്തിയുറങ്ങിയ പ്രവാസി മലയാളി മരിച്ചു. തിരുവനന്തപുരം പാലോട് സ്വദേശി സോമു (45) ആണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഹോട്ടലില്‍ ജോലി ചെയ്‍തിരുന്ന സോമുവിന് കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്നാണ് ജോലി നഷ്‍ടമായത്. മനാമയിലെ അല്‍ ഹംറ തീയറ്ററിന് സമീപത്തെ ഒരു പാര്‍ക്കിലാണ് കഴിഞ്ഞ നാല് മാസമായി താമസിച്ചിരുന്നത്. ആരെങ്കിലും നല്‍കുന്ന ഭക്ഷണമായിരുന്നു ആശ്രയം. ചില സാമൂഹിക പ്രവര്‍ത്തകര്‍ സഹായം വാഗ്ദാനം ചെയ്‍തിരുന്നെങ്കിലും അതൊക്കെ നിരസിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കഴിഞ്ഞ വെള്ളിയാഴ്‍ചയാണ് പാര്‍ക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന. ബഹ്റൈന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരാണ് എംബസിയെ വിവരമറിയിച്ചത്.

 

ജോലി നഷ്‍ടപ്പെട്ട പ്രവാസി പാര്‍ക്കില്‍ രാപ്പകല്‍ കഴിഞ്ഞതും അവിടെവെച്ച് മരണപ്പെട്ടതും ഞെട്ടലോടെയാണ് ബഹ്റൈനിലെ പ്രവാസി സമൂഹം അറിഞ്ഞത്. കൊവിഡ് കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങേകി നിരവധി സാമൂഹിക പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ടായിരുന്നതിനിടയിലാണ് ഇത്തരമൊരു ദാരുണ സംഭവമുണ്ടായത്. സമാന രീതിയില്‍ ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി അടിയന്തര സഹായമെത്തിക്കാന്‍ വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഊര്‍ജിത ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു.