ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ
ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി യു.എ.ഇ. സമീപകാലത്ത് ഇത്തരം അപകട സംഭവങ്ങൾ ആവർത്തിച്ച സാഹചര്യത്തിലാണ് അധികൃതരുടെ താക്കീത്. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ദുബൈയിലും അബൂദബിയിലും പരിശോധനയും ശക്തമാക്കും.
ലൈസൻസില്ലാതെ വാഹനം ഓടിച്ചാൽ മൂന്നുമാസം വരെ തടവോ 50,000ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും ചേർന്നതോ ആയിരിക്കും ശിക്ഷ ലഭിക്കുക. പബ്ലിക് പ്രോസിക്യൂട്ടർ ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഓർമിപ്പിച്ചത്. ലൈസൻസിൽ ഉൾപ്പെടാത്ത വാഹനം ഓടിച്ചാലും സമാനമായ പിഴ തന്നെയായിരിക്കും ലഭിക്കുക.
ലൈസൻസില്ലാതെ വാഹനമോടിക്കുന്നതിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്നും സമൂഹത്തിൽ നിയമപാലനം പ്രോത്സാഹിക്കുന്നതിനുള്ള പ്രചാരണത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ ട്വീറ്റിൽ ആവശ്യപ്പെട്ടു. നിയമലംഘനങ്ങൾ കുറക്കുക എന്നതും നിയമത്തെ കുറിച്ച് അവബോധം വർധിപ്പിക്കലുമാണ് പ്രചാരണത്തിന്റെ ലക്ഷ്യം.