സംസ്ഥാനത്ത് കനത്ത മഴ തുടരും; മലയോര മേഖലകളിൽ രാത്രിയാത്രയ്ക്ക് നിരോധനം 

തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളില്‍ മഴമുന്നറിയിപ്പ് നല്‍കി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മലയോരമേഖലകളിൽ രാത്രിയാത്ര നിരോധിച്ചു. നദീതീരങ്ങള്‍, താഴ്ന്ന പ്രദേശങ്ങള്‍, മണ്ണിടിച്ചില്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയുള്ള മേഖലകളില്‍ താമസിക്കുന്നവര്‍ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറി താമസിക്കാന്‍ തയ്യാറാകണമെന്നും മുന്നറിയിപ്പ് സന്ദേശത്തിൽ പറയുന്നു.

കേരള തീരത്ത് ഉയര്‍ന്ന തിരമാല്ക്കും മണിക്കൂറില്‍ പരമാവധി 60 കിമി വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.കേരളലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ നിന്ന് ബുധനാഴ്ച്ച വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്‌.

 

മഴ ശക്തിപ്പെടാനുള്ള കാരണങ്ങള്‍

 

രണ്ടാഴ്ചയിലേറെ നീണ്ട മണ്‍സൂണ്‍ ബ്രേക്കിന് ശേഷം കാലവര്‍ഷക്കാറ്റ് കേരളത്തില്‍ അനുകൂലമാണ്. അഞ്ചര കി.മി ഉയരത്തില്‍ വരെ വീശുന്ന കാറ്റിന് ഇന്ന് നല്ല വേഗതയുണ്ട്. പടിഞ്ഞാറന്‍ കാറ്റാണ് ഈ ഉയരത്തില്‍ വീശുന്നത്. 7.3 കി.മി വരെ കാറ്റ് തെക്കുപടിഞ്ഞാറന്‍ ദിശയിലാണ്. അന്തരീക്ഷത്തിന്റെ താഴ്ന്ന ഉയരങ്ങളില്‍ (ഏകദേശം മൂന്നര കി.മി വരെ) കാറ്റിന് 35 നോട്ടിക്കല്‍ മൈല്‍ വേഗതയും ഉണ്ട്. അറബിക്കടലില്‍ ഏകദേശം കേരളത്തില്‍ നിന്ന് 1,500 കി.മി അകലെവരെ മേഘങ്ങളുടെ സാന്നിധ്യം ഉപഗ്രഹ നിരീക്ഷണങ്ങളില്‍ നിന്ന് വ്യക്തമാണ്.

കേരളത്തിനൊപ്പം ലക്ഷദ്വീപ്, മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളിലും മഴ തകര്‍ത്തു പെയ്യാന്‍ ഇതു കാരണമാകും. തിങ്കളാഴ്ച വരെ ശക്തമായ മഴ കേരളത്തില്‍ എല്ലായിടത്തും പ്രതീക്ഷിക്കാമെന്നും തുടര്‍ന്ന് കാലവര്‍ഷക്കാറ്റ് വടക്കോട്ട് നീങ്ങുന്നതിനാല്‍ തെക്കന്‍ ജില്ലകളില്‍ മഴ കുറയാമെന്നുമാണ് നിരീക്ഷകർ പറയുന്നത്. വടക്കന്‍ ജില്ലകളില്‍ തുടര്‍ന്നുള്ള ദിവസങ്ങളിലും മഴ തുടരാന്‍ ഇത് സഹായകമാകും. ബുധനാഴ്ചയോടെ മഴയുടെ ശക്തിയും തോതും നന്നേ കുറയും.

 

മൂന്നു ദിവസം ജാഗ്രത വേണം

 

ഇന്നു രാത്രി മുതല്‍ ചൊവ്വാഴ്ച വരെ കിഴക്കന്‍ മലയോരത്തുള്ളവരും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലര്‍ത്തണം. മഴക്കെടുതി ദുരന്തങ്ങളില്‍ ജാഗ്രതക്കുറവു കൊണ്ട് അകപെടാതിരിക്കാം. പുഴകളിലും തോടുകളിലും മറ്റും കുളിക്കുന്നത് സുരക്ഷിതമല്ല.

കിഴക്കന്‍ പ്രദേശങ്ങളില്‍ അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍ ഉണ്ടാകും. മഴയില്ലെന്ന് കരുതി പുഴയിലും അരുവിയിലും ഇറങ്ങരുത്. തീരദേശത്ത് ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ട്. മലയോര മേഖലകളിലെ വിനോദയാത്രയും മറ്റും ഒഴിവാക്കുക. ഈ മേഖലയിലെ രാത്രി സഞ്ചാരം നിര്‍ബന്ധമായും ഒഴിവാക്കണം.

കേരളത്തിൻ്റെ കിഴക്കൻ വനമേഖലകളിൽ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ ശക്തമായ തുടർച്ചയായ മഴ ലഭിക്കുന്നുണ്ട്. ഇന്ന് രാത്രി മുതൽ ഈ മാസം 13 വരെ പല സമയങ്ങളിലും മഴ നിലവിൽ നമുക്ക് ലഭിക്കുന്നതിലും ശക്തമാകും. പുഴകളിൽ അപ്രതീക്ഷിത ഒഴുക്കുണ്ടാവുമെന്നതിനാൽ ശ്രദ്ധിച്ചില്ലെങ്കിൽ ഒഴുക്കിൽപെടാനുള്ള സാധ്യതയുണ്ട്. മലയോരങ്ങളിലെ വീതിയും ആഴവും കുറഞ്ഞ ചെറിയ പുഴകളും, തോടുകളും താൽക്കാലികമായി നിറഞ്ഞ് കവിയും. ഹിൽസ്റ്റേഷനുകളിലേക്ക് രണ്ടു മൂന്ന് ദിവസം വിനോദയായാത്രകൾ ഒഴിവാക്കണം.

1,ഈ മാസം ബംഗാൾ ഉൾക്കടലിൽ രണ്ടോ ,മൂന്നോ ന്യൂനമർദ്ദങ്ങളെങ്കിലും രൂപപ്പെടും. അന്തരീക്ഷ സ്ഥിതി വിശകലനം ചെയ്യുമ്പോൾ തൊട്ടടുത്ത ദിവസങ്ങളിലെ ആദ്യ ന്യൂനമർദ്ദ സ്വാധീനത്തിൻ്റ വർദ്ധിത മഴ കേരളത്തേക്കാൾ ആന്ധ്ര,കർണ്ണാടക,മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്ക് ലഭിക്കും. ജൂലൈ രണ്ടാം പകുതിയിലെ ന്യൂനമർദ്ദങ്ങളുടെ സ്ഥാനവും, ശക്തിയുമൊക്കെ പിന്നീട് നിരീക്ഷണ വിധേയമാക്കേണ്ട വിഷയങ്ങളാണ്.

 

2, വടക്ക് പാക്കിസ്ഥാൻ പർവ്വത പ്രദേശങ്ങൾ മുതൽ കംബോഡിയ വരെ ന്യൂനമർദ്ദ പാത്തി നിലവിലുണ്ടെങ്കിലും ബംഗ്ലാദേശ് മുതൽ കംബോഡിയ വരെയാണ് മൺസൂൺ പാത്തി കൂടുതൽ ശക്തം.സ്വഭാവികമായും ബംഗാൾ ഉൾക്കടൽ മൺസൂൺ ബ്രാഞ്ചിന് സ്ഥിരത ഉണ്ട് മഴകൾക്കും.നിലവിൽ സൊമാലിയൻ ജെറ്റിനെ ആശ്രയിക്കുന്ന ഇന്ത്യയുടെ പടിഞ്ഞാറൻ തീരം മൺസൂൺ ബ്രാഞ്ചിന് സ്ഥിരതയില്ല. സൊമാലിയൻ ജെറ്റ് തെക്ക് വടക്ക് ചാഞ്ചാടുന്നു. ഇടക്ക് ദുർബലമാകുന്നു, ചിലപ്പോൾ ശക്തവും. ഈ മാസം അവസാനമോ അടുത്ത മാസമോ കേരളത്തിന് കൂടുതൽ അനുകൂലമായ വിധം പടിഞ്ഞാറൻ ബ്രാഞ്ചിന് സ്ഥിരത കൈവരും എന്ന് കരുതുന്നു.

 

3, അടുത്ത ആഴ്ച സൊമാലിയൻ ജെറ്റ് കൂടുതൽ വടക്കോട്ട് നീങ്ങും. മൂന്ന് കിലോമീറ്റർ ഉയരത്തിലെ അന്തരീക്ഷ ഒഴുക്ക് വടക്ക് പടിഞ്ഞാറോട്ട് തിരിയും. അതോടെ മെഡിറ്ററേനിയൻ, കാസ്പിയൻ, കരിങ്കടൽ പശ്ചിമ വാതം ഇന്തോ – പാക് ദിശയിലേക്ക് വരാതെ മിഡിൽ ഈസ്റ്റിലേക്ക് രണ്ടു മൂന്ന് ദിവസം അനുകൂലമാകും, മിഡിൽ ഈസ്റ്റിന് മേലെ ന്യൂനമർദ്ദവും രൂപപ്പെടുന്നതോടെ ഗൾഫ് മേഖലയിൽ പലയിടങ്ങളിലും അപ്രതീക്ഷിത മഴ ലഭിക്കും.നീരീക്ഷണം തുടരും

 

4, നിലവിൽ മാലിദ്വീപ് ചുറ്റളവ് പ്രദേശം ഒഴികെ മറ്റിടങ്ങളിൽ മീൻപിടുത്തം കാറ്റും,തിരകളും കാരണം ദുഷ്കരമാണ്.