ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ
നിരന്തരം മാറുന്ന മാനദണ്ഡങ്ങളിൽ ജീവിതം വഴിമുട്ടിയതിലെ അതൃപ്‌തി ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിലൂടെയടക്കം പലരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നേക്കും. ഇക്കാര്യത്തിൽ അന്തിമതീരുമാനമെടുക്കാൻ ചേരുന്ന അവലോകന യോഗം തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി ഡൽഹിയിലായതിനാൽ ഓൺലൈനായാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
എല്ലാ ദിവസങ്ങളിലും പെരുന്നാൾ പ്രമാണിച്ച് കടകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയേക്കും. കടകൾക്ക് വൈകുന്നേരം അടയ്ക്കേണ്ട സമയവും നീട്ടിനൽകിയേക്കും. ടി പി ആർ അടിസ്ഥാനമാക്കി തദ്ദേശഭരണസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ നടപ്പാക്കരുതെന്നും, എത്ര കൊവിഡ് രോഗികളുണ്ട് എന്നത് കണക്കാക്കി വേണം നിയന്ത്രണങ്ങൾ എന്നുമാണ് വിദഗ്ദ്ധസമിതി നിർദേശിച്ചത്.
മിക്കയിടങ്ങളിലും ടെസ്റ്റുകളുടെ എണ്ണം കൂട്ടി, ടി പി ആർ കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കടകൾ തുറക്കുന്നത് ചില ദിവസങ്ങളിൽ മാത്രമാകുന്നതിലെ അശാസ്ത്രീയതയും വിദഗ്ദ്ധസമിതി ചൂണ്ടിക്കാട്ടിയിരുന്നു. തുറക്കുന്ന ദിവസങ്ങളിൽ വലിയ തിരക്കാണ് കടകളിൽ അനുഭവപ്പെടുന്നത്.
ഇന്നലെ മിഠായിത്തെരുവിലടക്കം കടകൾ തുറക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങൾ വ്യാപാരികൾ നടത്തിയിരുന്നു. വ്യാപാരികളുടെ പ്രതിഷേധവും നിയന്ത്രണങ്ങളിലെ അശാസ്ത്രീയത വിദഗ്‌ദ്ധ സമിതി ഉന്നയിച്ചതും യോഗത്തിൽ വിശദമായി ചർച്ച ചെയ്യും. ഇതിനുശേഷമാകും ഇളവുകളുടെ കാര്യത്തിൽ തീരുമാനമുണ്ടാവുക.
മേയ് എട്ടിനാണ് സംസ്ഥാനത്ത് രണ്ടാംഘട്ട സമ്പൂർണ ലോക്ക്ഡൗൺ നടപ്പാക്കിയത്. കൊവിഡ് രണ്ടാംതരംഗത്തിലെ ലോക്ക്ഡൗണിൽ രണ്ട് മാസത്തിനിടെ ഒരിക്കൽ പോലും ഇളവ് കിട്ടാത്ത നിരവധി പഞ്ചായത്തുകളുണ്ട്. നിയന്ത്രണം പ്രാദേശിക തലത്തിലേക്ക് മാറിയതോടെ പല പഞ്ചായത്തുകളും അറുപത് ദിവസമായി പൂട്ടിയിട്ടിരിക്കുകയാണ്. നിരന്തരം മാറുന്ന മാനദണ്ഡങ്ങളിൽ ജീവിതം വഴിമുട്ടിയതിലെ അതൃപ്‌തി ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിലൂടെയടക്കം പലരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇതിനിടെയാണ് ഇളവുകളുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ അവലോകന യോഗം ചേരുന്നത്.