വിദ്യാർത്ഥികൾക്കുള്ള യു.എ.ഇ ഗോൾഡൻ വിസക്ക് അർഹരായവർ 2036പേർ.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്കും കുടുംബാഗങ്ങൾക്കും നേരിട്ട് അപേക്ഷ നൽകാം.
ദുബായ്: ഹൈസ്കൂൾ അവസാന പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ വിദ്യാർത്ഥികൾക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച ഗോൾഡൻ വിസക്ക് അർഹരായവർ 2036പേർ. ഇവരുടെ കുടുംബങ്ങൾക്കും പത്തുവർഷ വിസക്ക് അർഹതയുണ്ടാകുമെന്ന് എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെൻറ് വ്യക്തമാക്കി.
ഉന്നത വിജയം നേടുന്ന വിദ്യാർത്ഥികൾക്ക് ഗോൾഡൻ വിസ നൽകുമെന്ന സർക്കാർ പ്രഖ്യാപനം വന്നത് അടുത്തിടെയാണ്. ജനറൽ ഗ്രേഡ് സർട്ടിഫിക്കറ്റ് പരീക്ഷയിൽ 95ശതമാനം മാർക്കോ അതിന് തുല്യമായ ഗ്രേഡോ നേടിയവർക്കാണ് വിസ അനുവദിക്കുക. യു.എ.ഇ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ കരിക്കുലം അനുസരിച്ച് പ്രവർത്തിക്കുന്ന പൊതു-സ്വകാര്യ സ്കൂളുകളിലെ ഗ്രേഡ് 12 ബിരുദധാരികളെയാണ് നിലവിൽ ഗോൾഡൻ വിസക്ക് പരിഗണിച്ചിരിക്കുന്നത്.
മികച്ച വിദ്യാർത്ഥികളെ അംഗീകരിക്കുന്നതിനാണ് യു.എ.ഇ സർക്കാർ പദ്ധതി നടപ്പിലാക്കിയതെന്നും പ്രതിഭകളെ വാർത്തെടുക്കുന്ന അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും എമിറേറ്റ്സ് സ്കൂൾസ് എസ്റ്റാബ്ലിഷ്മെൻറ് ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിെൻറ വികസന മുന്നേറ്റത്തിന്സഹായകമാകുന്ന മികവുറ്റ വിദ്യാർത്ഥികളെ ആകർഷിക്കാനാണ് ഗോൾഡൻ വിസ അനുവദിക്കുന്നതെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് വെബ്സൈറ്റിൽ വിദ്യാർത്ഥികൾക്കും കുടുംബാഗങ്ങൾക്കും നേരിട്ട് അപേക്ഷ നൽകാം. ദുബൈ താമസക്കാർക്ക് ഡയറക്ട്രേറ്റ് ജനറൽ ഫോർ റെസിഡൻസി ആൻഡ് ഫോറിൻ അഫേഴ്സ് വെബ്സൈറ്റ് വഴിയും ചെയ്യാം. കഴിഞ്ഞ ആഴ്ച മുതൽ യോഗ്യരായ വിദ്യാർത്ഥകൾക്ക് ഗോൾഡൻ വിസ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്.