സതീശനുമായി സംസാരിച്ചു; ബിജെപിയല്ലാതെ മറ്റാരും സര്‍ക്കാര്‍ നിലപാട് അംഗീകരിക്കില്ല’ -കുഞ്ഞാലിക്കുട്ടി
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മലപ്പുറം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് നേരത്തെയുണ്ടായിരുന്ന അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തിലാക്കിയ ഇടത് സര്‍ക്കാര്‍ നടപടി ബിജെപിക്കല്ലാതെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത പ്രതിപക്ഷ നേതാവുമായി താന്‍ സംസാരിച്ചിട്ടുണ്ടെന്നും ലീഗിന്റെ നിലപാടിനൊപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞതായും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. മലപ്പുറത്ത് വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൂടുതല്‍ വ്യക്തത വേണമെങ്കില്‍ സതീശന്‍ തന്നെ പ്രതികരിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി
അനാവശ്യമായ വിഭാഗീയത ഉണ്ടാക്കുന്ന ചര്‍ച്ച സര്‍ക്കാര്‍ മുന്‍കൈ എടുത്ത് കൊണ്ടുവരികയാണ്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഒരു സ്‌കോളര്‍ഷിപ്പ് മാത്രമല്ല. ഇന്ത്യയിലെ മുസ്ലിം പിന്നാക്കവസ്ഥയുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രൂപീകരിച്ചതാണ് സച്ചാര്‍ കമ്മീഷന്‍. ആ കമ്മീഷന്‍ നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കേരളത്തില്‍ ഇടത് സര്‍ക്കാര്‍ പാലോളി കമ്മീഷന്‍ രൂപീകരിച്ചു.
അവരാണ് 80:20 അനുപാതമാക്കിയത്. അതാണ് ഈ ചര്‍ച്ചമുഴുവനും ഉണ്ടാക്കിയത്. ഒരു സമുദായത്തിലെ പിന്നാക്കാവിഭാഗത്തിലുള്ളവരെ പഠിച്ച് കൊണ്ടുവന്ന പദ്ധതിയണിത്. അതിനെയാണ് ഇങ്ങനെ വികലമാക്കിയത്. മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ഒരു കമ്മീഷന്‍ വെച്ച് മറ്റൊരു സ്‌കീം കൊണ്ടുവന്നാല്‍ മതി. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് പകരം ആദ്യം വെട്ടിക്കുറച്ചു. ഇപ്പോള്‍ ഇല്ലാതാക്കുകയാണ് ഇടത് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. അതൊരു സത്യമാണ്. ആ വസ്തുതയാണ് ഞങ്ങള്‍ ഉയര്‍ത്തിക്കാണിക്കുന്നത്.
സച്ചാര്‍ കമ്മീഷന്‍ ബന്ധപ്പെട്ട സമുദായത്തിനും മറ്റു ന്യൂനപക്ഷങ്ങള്‍ മറ്റു പദ്ധതികളും ആവശ്യപ്പെട്ട് രേഖമൂലം ഞങ്ങള്‍ മുഖ്യമന്ത്രിക്ക് കത്ത് കൊടുത്തതാണ്. സര്‍ക്കാര്‍ അത് ചെയ്യാതെ അനാവശ്യമായ ചര്‍ച്ച നടത്തുകയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
‘രണ്ടും രണ്ടായി പരിഗണിക്കണമെന്ന ലീഗിന്റെ അഭിപ്രായത്തോട് കൂടെയാണ് ഉള്ളതെന്നാണ് പ്രതിപക്ഷ നേതാവുമായി ഞാന്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്. സര്‍ക്കാരിന്റെ നിലപാട് ഒരു നിലക്കും സ്വാഗതം ചെയ്യുന്നില്ല. അതിനെ ഞങ്ങള്‍ നിയമസഭയിലടക്കം എതിര്‍ക്കും. കണക്ക് കണക്കാണ്. പ്രതിപക്ഷ നേതാവിന്റെ നിലപാടല്ല ഇപ്പോഴത്തെ വിഷയം. സച്ചാര്‍ കമ്മീഷന്‍ നിര്‍ദേശം തള്ളികളയുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടി ബിജെപിക്കല്ലാതെ മറ്റൊരു പാര്‍ട്ടിക്കും അംഗീകരിക്കാനാകില്ല’ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിവാദത്തില്‍ യുഡിഎഫിലെ ഭിന്നത മറനീക്കി പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. സര്‍ക്കാര്‍ നടപടിയെ ആദ്യം സ്വാഗതം ചെയ്ത വി.ഡി സതീശന്‍ ലീഗ് അതൃപ്തി അറിയിച്ചതോടെ ഭാഗികമായി സ്വാഗതം ചെയ്യുകയാണെന്നാണ് ഇന്ന് പറഞ്ഞത്. ലീഗിന്റെ പരാതി കേള്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.