ജിം മുതൽ കുട്ടികൾക്കുള്ള കളിസ്ഥലം വരെ ഒരുക്കിയ വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം മുഖ്യമന്ത്രി ജൂലായ് 24ന് നാടിന് സമർപ്പിക്കും
മലപ്പുറം: വാഴക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തുന്ന ആരും ഒന്ന് അമ്പരക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രികളെ ഓർമ്മിപ്പിക്കുംവിധം മോഡിയും സൗകര്യങ്ങളുമാണ് ചികിത്സയ്ക്കായി ഇവിടെ എത്തുന്നവരെ കാത്തിരിക്കുന്നത്. പ്രളയത്തിൽ തകർന്നടിഞ്ഞ പ്രാഥമികാരോഗ്യ കേന്ദ്രം ഇന്ന് രാജ്യത്തിന് തന്നെ മാതൃകയായ ആരോഗ്യകേന്ദ്രമായി.
റീബിൽഡ് കേരളയുടെ ഭാഗമായി പ്രമുഖ വ്യവസായ ഗ്രൂപ്പായ വി.പി.എസ് ഹെൽത്ത് കെയർ 10 കോടി രൂപ ചെലവിട്ടാണ് കേന്ദ്രം അത്യാധുനിക സൗകര്യങ്ങളോടെ പുനർനിർമ്മിച്ചത്. മൂന്ന് നിലയിലുള്ള കെട്ടിടത്തിൽ ഓപ്പൺ ജിം മുതൽ കുട്ടികൾക്കുള്ള കളിസ്ഥലം വരെയുണ്ട്.
വിപുലമായ സൗകര്യങ്ങളുള്ള രാജ്യത്തെ തന്നെ ആദ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രമെന്ന വിശേഷണം ഇനി വാഴക്കാടിന് സ്വന്തം. പുതിയ പി.എച്ച്.സി കെട്ടിടം ഈ മാസം 24ന് ഉച്ചയ്ക്ക് 12ന് ഓൺലൈനായി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
2018ലെ പ്രളയത്തിലാണ് പി.എച്ച്.സി കെട്ടിടം നശിച്ചത്. തുടർന്ന് താത്ക്കാലിക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. പ്രതിവർഷം മുക്കാൽ ലക്ഷം രോഗികളാണ് ഈ പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആശ്രയിച്ചിരുന്നത്. 10 ഓക്സിജൻ കിടക്കകളുൾപ്പെടെ ആധുനിക സംവിധാനങ്ങളുള്ള കേന്ദ്രത്തിൽ ഇനി വർഷത്തിൽ രണ്ട് ലക്ഷം പേരെ പ്രതീക്ഷിക്കുന്നു.
എമർജൻസി റൂം, ഒരുമിനി ഓപ്പറേഷൻ തിയേറ്റർ, ഡോക്ടർമാരുടെ കൺസൽട്ടിംഗ് റൂമുകൾ, നഴ്സുമാരുടെ സ്റ്റേഷൻ, മെഡിക്കൽ സ്റ്റോർ, വാക്സിൻ സ്റ്റോർ, സാമ്പിൾ കളക്ഷൻ സെന്റർ, വിഷൻ ആൻഡ് ഡെന്റൽ ക്ലിനിക്ക്, അമ്മമാർക്കും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കുമുള്ള പ്രത്യേക മേഖലകൾ എന്നിവ കേന്ദ്രത്തിലുണ്ട്. ലബോറട്ടറി, ഇമേജിംഗ് വിഭാഗത്തിന് ആധുനിക യന്ത്രങ്ങളും ഉപകരണങ്ങളും ലഭ്യമാക്കിയതിനാൽ വേഗത്തിലുള്ള കൃത്യമായ ഫലങ്ങൾ ഉറപ്പാക്കാനാവും.
ആധുനിക കോൺഫറൻസ് ഹാളും അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസുകളുമാണ് രണ്ടാംനിലയിൽ സജ്ജീകരിച്ചിട്ടുള്ളത്.15,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള കെട്ടിടം രണ്ടുവർഷം കൊണ്ടാണ് പൂർത്തിയാക്കിയത്. വെള്ളപ്പൊക്കം അതിജീവിക്കുന്ന രീതിയിൽ മദ്രാസ് ഐ.ഐ.ടി വിദ്യാർത്ഥികളാണ് കെട്ടിടം രൂപകൽപ്പന ചെയ്തത്. തൃശൂർ ഗവകോളേജിലെ ആർക്കിടെക്ട് വകുപ്പിലെ 40 വിദ്യാർത്ഥികളും നിർമ്മാണത്തിൽ പങ്കാളികളായി.
പ്രകൃതി ദുരന്തങ്ങളിൽ കേടുപാടുകൾ പറ്റാതിരിക്കാൻ ഫലപ്രദമെന്ന് കണ്ടെത്തിയ ഗ്ലാസ് ഫൈബർ റിഇൻഫോഴ്സ്ഡ് ജിപ്സം പാനൽ സാങ്കേതികവിദ്യയാണ് കേന്ദ്രത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചത്. പ്രളയത്തിൽ തകർന്ന കേരളത്തെ പുനർനിർമ്മിക്കാനുള്ള സർക്കാരിന്റെ ആഹ്വാനപ്രകാരമാണ് വി.പി.എസ് ഹെൽത്ത്‌കെയർ സി.എം.ഡി ഡോ.ഷംഷീർ വയലിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുനർനിർമ്മാണം ഏറ്റെടുത്തത്.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിൽ നിന്നുള്ളവരെയും ഉൾപ്പെടുത്തിയുള്ള സമഗ്ര പങ്കാളിത്ത പദ്ധതിയായാണ് വാഴക്കാട് പുനർനിർമ്മാണത്തെ ഗ്രൂപ്പ് വിഭാവനം ചെയ്തതെന്ന് ഡോ.ഷംഷീർ വയലിൽ പറഞ്ഞു. സർക്കാർ, സ്വകാര്യ, ജനകീയ പങ്കാളിത്തത്തിൽ രാജ്യത്തിനു മാതൃകയാക്കാവുന്നതാണ് പദ്ധതിയെന്ന് ടി.വി.ഇബ്രാഹിം എം.എൽ.എ, വി.പി.എസ് ഇന്ത്യ മേധാവി ഹാഫിസ് അലി, ഡി.എം.ഒ ഡോ. കെ.സക്കീന എന്നിവർ പറഞ്ഞു.