തോരാത്ത മഴയിലും കിണറിലെ വെള്ളം അപ്രത്യക്ഷമായി. അതിശയിച്ച് വീട്ടുകാരും നാട്ടുകാരും

പരപ്പനങ്ങാടി: തോരാതെ മഴ പെയ്തിട്ടും രാവിലെ കിണർ വറ്റിവരണ്ടു. ചെട്ടിപ്പടി കുപ്പിവളവിൽ താമസിക്കുന്ന തെങ്ങുകയറ്റ തൊഴിലാളി ഗണപതിയുടെ വീട്ടിലാണ് ഇന്ന് (ബുധൻ) കാലത്ത് സംഭവം നടന്നത്. ഗണപതിയുടെ ഭാര്യ രാവിലെ മോട്ടോർ ഓണാക്കി അധികനേരം കഴിഞ്ഞിട്ടം ടാങ്കിൽ വെള്ളം നിറയാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കിണർ വറ്റിയതായി കണ്ടത്. ഇന്നലെ വരെ ഭൂനിരപ്പിന് സമാനമായി ഏതാണ്ട് പതിനഞ്ചടിയോളം വെള്ളമുണ്ടായിരുന്നന്നുവത്രെ. കിണറിൻ്റെ പുറംവശത്ത് ഒരു ഭാഗത്തായി അല്പം മണ്ണ് ഇടിഞ്ഞതായി കാണുന്നുണ്ട്.

തൊട്ടടുത്ത വീട്ടിലെ കിണറുകളിലെല്ലാം ഭൂനിരപ്പിന് സമാനമായി ഇപ്പോഴും വെള്ളവുമുണ്ട്. എന്നിട്ടും ഈ കിണറിലെ വെള്ളം മാത്രം ഉൾവലിഞ്ഞതെന്ന ആശ്ചര്യത്തിലാണ് വീട്ടുകാരും നാട്ടുകാരും.കുണ്ടൻ പാടം-കീഴ്ചിറ പാടശേഖരങ്ങൾക്ക് തൊട്ടരികെയാണ് ഗണപതിയുടെ വീട്. പാടത്തും കുളങ്ങളിലും കനത്ത മഴയിൽ വെള്ളം നിറഞ്ഞുതന്നെയാണ് ഇപ്പോഴുമുള്ളത്. കിണർ വീടിൻ്റെ തൊട്ടടുത്ത് തന്നെയായതിനാൽ വീടിന് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭീതിയിലാണ് ഈ കുടുംബം.