കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്, സുഹൃത്ത് മരിച്ചു
ചെന്നൈ: മഹാബലിപുരത്ത് ശനിയാഴ്ച രാത്രിയുണ്ടായ കാറപകടത്തിൽ നടി യാഷിക ആനന്ദിന് ഗുരുതര പരിക്ക്. അപകടത്തിൽ സഹയാത്രികരിൽ ഒരാൾ മരിച്ചു. നടിയും സംഘവും സഞ്ചരിച്ചിരുന്ന ടാറ്റ ഹാരിയർ കാർ പൂർണമായും തകർന്നിട്ടുണ്ട്.

യാഷികയ്ക്ക് പുറമേ, രണ്ട് സുഹൃത്തുക്കളും ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.ഭവാനി എന്ന സുഹൃത്താണ് അപകട സ്ഥലത്തു വച്ചു തന്നെ മരിച്ചത്. രാത്രി പന്ത്രണ്ടു മണിയോടെ ആയിരുന്നു അപകടം. മഹാബലിപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആരാണ് കാർ ഓടിച്ചിരുന്നത് എന്നതിൽ വ്യക്തതയില്ല. അമിത വേഗതയാണ് അപകട കാരണം എന്നാണ് റിപ്പോർട്ടുകൾ.2016ൽ കവളൈ വേണ്ടം എന്ന സിനിമയിലൂടെയാണ് യാഷിക അഭിനയരംഗത്തെത്തിയത്.

കാർത്തിക് നരേന്റെ ത്രില്ലർ സിനിമ ധ്രുവങ്ങൾ പതിനാറ് ആണ് കരിയറിലെ വഴിത്തിരിവ്. കമൽ ഹാസൻ അവതരിപ്പിച്ച ബിഗ് ബോസ് രണ്ടാം സീസണിൽ മത്സരാർത്ഥിയായിരുന്നു.
