സൗദിയിലേക്ക് മടങ്ങാനാകാതെ പ്രവാസികൾ; കോവിഡ് സർട്ടിഫിക്കറ്റിന് അംഗീകാരം ലഭിക്കുന്നില്ല
സൗദി: വാക്‌സിനെടുത്ത് നാട്ടിൽനിന്നു മടങ്ങാനിരിക്കുന്ന പ്രവാസികൾക്ക് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ സർട്ടിഫിക്കറ്റ് അംഗീകാരം ലഭിക്കുന്നില്ലെന്ന് പരാതി. അനുമതിക്കായി ഓൺലൈൻവഴി അപേക്ഷിച്ച പലർക്കും കൃത്യമായ മറുപടി ലഭിക്കാതായതോടെ ആശങ്കയിലായിരിക്കുകയാണ് പ്രവാസികൾ.നിർബന്ധിത ക്വാറന്റൈനില്ലാതെ സൗദിയിൽ തിരിച്ചെത്താൻ കോവിഡ് വാക്‌സിനെടുത്തെന്ന് തെളിയിക്കണം. അതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തതിന്റെ രേഖകൾ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ തവക്കൽന ഇമ്യൂൺ ആപ്പിൽ അപ്ലോഡ് ചെയ്യണം. എന്നാൽ, സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്ത പലരുടെയും അപേക്ഷ തള്ളപ്പെടുകയായിരുന്നു.
കാരണം കാണിക്കാതെ സർട്ടിഫിക്കറ്റുകൾ തള്ളിയതോടെ പലരും രണ്ടിലധികം തവണ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തു. ഇതോടെ അപേക്ഷ സമർപ്പിക്കാനുളള ലിങ്ക് തന്നെ തുറക്കാൻ പറ്റാതെയായി. പ്രശ്‌നപരിഹാരത്തിനായി കോൾ സെന്ററിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.സർട്ടിഫിക്കറ്റില്ലാതെ സൗദിയിലെത്തിയാൽ വീണ്ടും വാക്‌സിനെടുക്കേണ്ടി വരുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന ആശങ്കയും ഇവർക്കുണ്ട്. മാത്രമല്ല നിർബന്ധിത ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ കഴിയുന്നതിനായി അരലക്ഷത്തിലധികം രൂപയും ചെലവാകും. സർക്കാർ ഇടപെടലിലൂടെ വിഷയം സൗദി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണണമെന്നാണ് നൂറുകണക്കിന് പ്രവാസികളുടെ ആവശ്യം.