വിദ്യാർഥിനിയെ പീഡിപ്പിച്ച അധ്യാപകനെ കോടതിയിൽ ഹാജരാക്കി

മലപ്പുറം: വിദ്യാര്‍ത്ഥിനിയെ ലൈംഗിക അതിക്രമണത്തിന് ഇരയാക്കിയെന്ന പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത കാലിക്കറ്റ് സര്‍വ്വകലാശാല അധ്യാപകനെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി. സര്‍വ്വകലാശാല ഇംഗ്ലീഷ് പഠനവിഭാഗം അസി.പ്രൊഫസര്‍ ഹാരിസ് കോടമ്പുഴയെ ആണ് ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്. തിങ്കളാഴ്ച രാത്രിയോടെയാണ് തേഞ്ഞിപ്പലം പോലീസ് അധ്യാപകന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്ന് തേഞ്ഞിപ്പലം പോലീസ് കേസെടുത്തതോടെ 10 ദിവസത്തിലധികമായി സര്‍വ്വകലാശാല അധ്യാപകനും ഫറോക്ക് കോടമ്പുഴ സ്വദേശിയുമായ ഹാരിസ് ഒളിവിലായിരുന്നു.

മുന്‍കൂര്‍ ജാമ്യത്തിന് പരിശ്രമിച്ചെങ്കിലും ഒടുവില്‍ പോലീസില്‍ കീഴടങ്ങുകയും തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം ചൊവ്വാഴ്ച 11 മണിയോടെ ഹാരിസ് കോടമ്പുഴയെ പരപ്പനങ്ങാടി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഗവേഷണ വിദ്യാര്‍ത്ഥിനിയുടെ പരാതി സര്‍വ്വകലാശാല ഈ മാസം ഒന്‍പതിനാണ് തേഞ്ഞിപ്പലം പോലീസിന് കൈമാറിയത്. യൂനിവേഴ്സിറ്റി അധ്യാപകന്‍ ഡോ ഹാരിസ് കോടമ്പുഴ ലൈഗികാതിക്രമണം നടത്തിയാതായ പരാതിയില്‍ അന്ന് തന്നെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം ആരംഭിച്ച് 10 ദിവസം പിന്നിടുമ്പോഴും പ്രതിയായ അധ്യാപകനെ പോലീസിന് പിടികൂടാനായിരുന്നില്ല.വിദ്യാര്‍ത്ഥിനിയുടെ പരാതിക്ക് പിന്നാലെ കൂടുതല്‍ വിദ്യാര്‍ഥിനികളെ ഇയാള്‍ ചൂഷണം ചെയ്തതായുള്ള പരാതികള്‍ പുറത്ത് വന്നിരുന്നു. അധ്യാപകന്‍ പെണ്‍കുട്ടികളുടെ സ്വകാര്യ ചിത്രങ്ങളും ദൃശ്യങ്ങളും സൂക്ഷിച്ചിരുന്നതായും ഇവ കാട്ടി നിരവധി വിദ്യാര്‍ത്ഥിനികളെ ഭീഷണിപ്പെടുത്തിയിരുന്നതായും പേര് വെളിപ്പെടുത്താതെ ദേശീയ ക്രൈ പോര്‍ട്ടറില്‍ പരാതി വന്നിരുന്നു. കേസില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമത്തിന് 3540-ാംവകുപ്പ് പ്രകാരമാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തിട്ടുള്ളത്.