മുട്ടിൽ മരം കൊള്ള: റിമാൻഡിലായ പ്രതികളുടെ അമ്മയുടെ സംസ്കാരം ഇന്ന്

മൂട്ടിൽ മരംകൊള്ള കേസിൽ റിമാൻഡിലായ മുഖ്യ പ്രതികളുടെ അമ്മ ഇത്താമയുടെ സംസ്കാരം ഇന്ന് നടക്കും. സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മാനന്തവാടി ജില്ലാ ജയിലിൽ നിന്നും പ്രതികളായ റോജി അഗസ്റ്റിൻ, ആൻ്റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവരെ പൊലീസ് സംരക്ഷണയിൽ വാഴവറ്റയിലെ വീട്ടിൽ എത്തിക്കുമെന്നാണ് സൂചന.

അമ്മയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ പൊലീസ് സാന്നിധ്യം പാടില്ലെന്ന പ്രതികളുടെ നിലപാട് ഇന്നലെ കോടതിയിൽ വാക്ക് തർക്കത്തിനിടയാക്കിയിരുന്നു. ഇതിനെ തുടർന്നാണ് സംസ്കാരം ഇന്നത്തേക്ക് മാറ്റിയത്.14 ദിവസത്തെ റിമാൻഡിൽ കഴിയുന്ന പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച്ച അപേക്ഷ നൽകാനാണ് പൊലീസിൻ്റെ തീരുമാനം.

പൊലീസ് നടപടികൾ പൂർത്തിയായ ശേഷമാകും പ്രതികളെ വനം വകുപ്പ് കസ്റ്റഡിയിൽ ആവശ്യപ്പെടുക.മുട്ടിൽ മരം കൊള്ളക്കേസിലെ പ്രധാന പ്രതികള്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടിയിലായത്. ഇവരെല്ലാവരും തന്നെ മരക്കച്ചവടക്കാരാണ്. ഹൈക്കോടതിയിൽ സര്‍ക്കാരാണ് പ്രതികള്‍ പിടിയിലായ കാര്യം അറിയിച്ചത്.

കൊച്ചിയിലേക്ക് കടക്കുന്നതിനിടെ കുറ്റിപ്പുറം പാലത്തിന് സമീപം വെച്ച് തിരൂര്‍ ഡി.വൈ.എസ്.പിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

മുട്ടില്‍ മരം മുറി കേസില്‍ നാല്‍പ്പത്തിമൂന്ന് കേസുകള്‍ മേപ്പാടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം.കെ സമീറിന്‍റെ നേതൃത്വത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 36 കേസുകളിലും പ്രധാന പ്രതികള്‍ പിടിയിലായ മുട്ടില്‍ സഹോദരങ്ങളാണ്.അതിനിടെ കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിൽ പ്രതികളുടെ നടപടി മൂലം എട്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാമർശം വിവാദമായി. 15 കോടിയുടെ നഷ്ടമുണ്ടായെന്ന വനം വകുപ്പിന്‍റെ കണക്ക് നിലനിൽക്കേയാണ് പൊലീസ് എട്ട് കോടി എന്ന കണക്ക് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.