മുസ്‌ലിംലീഗ് തെരഞ്ഞെടുപ്പ് തിരിച്ചടി: പത്തംഗ സമിതിയെ നിയോഗിച്ചു.
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി പഠിക്കാൻ ഉപസമിതിയെ നിയോഗിച്ച് മുസ്‌ലിംലീഗ്. പിഎംഎ സലാം, കെപിഎ മജീദ്, ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹ്‌മാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, കുട്ടി അഹമ്മദ് കുട്ടി, കെഎം ഷാജി, പികെ ഫിറോസ്, എൻ ഷംസുദ്ദീൻ, പിഎം സാദിഖലി എന്നിവർ അടങ്ങുന്ന പത്തംഗ സമിതിയാണ് രൂപവത്കരിച്ചത്. ലീഗ് ഹൗസിലെ വാർത്താ സമ്മേളനത്തിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളാണ് സമിതിയെ കുറിച്ചുള്ള വിവരങ്ങൾ അറിയിച്ചത്.

ഉപസമിതി അടുത്ത ദിവസങ്ങളിൽ യോഗം ചേർന്ന് ആക്ഷൻ പ്ലാൻ തയ്യാറാക്കി പ്രവർത്തക സമിതിക്ക് സമർപ്പിക്കുമെന്ന് നേതാക്കൾ പറഞ്ഞു. ഓരോ മണ്ഡലവും സമിതി പരിശോധിക്കും. അഭിപ്രായങ്ങൾ ക്രോഡീകരിക്കും. തലമുറ മാറ്റം അടക്കമുള്ള കാര്യങ്ങൾ യോഗം ചർച്ച ചെയ്തു. നേതൃമാറ്റം ചർച്ചയായില്ല. ലീഗിന് ലീഗിന്റേതായ കീഴ്‌വഴക്കമുണ്ട്. അതിനനുസരിച്ച് പ്രവർത്തിക്കും. കോവിഡും ഹൈദരലി തങ്ങളുടെ അസുഖവുമാണ് യോഗം ഇത്ര നീണ്ടത്- നേതാക്കൾ പറഞ്ഞു.

കേരള നിയമസഭയിൽ പ്രതിപക്ഷം മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നത് എന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്‌കോളർഷിപ്പ് വിഷയത്തിൽ യുഡിഎഫിൽ ഏകോപനമില്ലായ്മ ഉണ്ടായിട്ടില്ല. സച്ചാർ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യയിൽ മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ ഉള്ളതാണ്. അതിൽ സംസ്ഥാന സർക്കാർ വെള്ളം ചേർക്കരുത്- കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു. കെഎം ഷാജിക്ക് എതിരെയുള്ള വിജിലൻസ് അന്വേഷണം ചർച്ച ചെയ്തിട്ടില്ലെന്നും ഷാജിക്കെതിരെ നടക്കുന്നത് സർക്കാർ വേട്ടയാണ് എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ 27 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗിന് 15 ഇടത്ത് മാത്രമാണ് ജയിക്കാനായിരുന്നത്. സിറ്റിങ് സീറ്റുകളായ കുറ്റ്യാടി, കളമശ്ശേരി, കോഴിക്കോട് സൗത്ത്, അഴീക്കോട് എന്നിവ ലീഗിന് നഷ്ടമായിരുന്നു.