ന്യൂജൻ ബൈക്കുകൾ മോഷണം നടത്തുന്ന സംഘം പിടിയിൽ

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ആഡംബര വാഹനം മോഷണം നടത്തുന്ന സംഘത്തെ ചേവായൂര്‍ പോലീസും കോഴിക്കോട് സിറ്റിഡാന്‍, സാഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. കുറ്റിക്കാട്ടൂര്‍ സ്വദേശികളായ അരുണ്‍ കുമാര്‍ (22വയസ്സ്) അജയ് (22വയസ്സ്) എന്നിവരെയാണ് വാഹനം സഹിതം പിടികൂടിയത്.

അടുത്ത കാലത്ത് കോഴിക്കോട് നഗരത്തില്‍ ബൈക്കുകള്‍ മോഷണം പോവുന്നത് വ്യാപകമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.സുദര്‍ശന്‍ രാത്രി കാലങ്ങളില്‍ കര്‍ശ്ശനമായ വാഹന പരിശോധന നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി ഡാന്‍ സാഫ് സ്‌ക്വാഡ് മുന്‍ കുറ്റവാളികളെ നിരീക്ഷിച്ച് വരികയായിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ചേവായൂര്‍ എസ്.ഐ ഷാന്‍ എസ് എസ് ന്റെ നേതൃത്ത്വത്തില്‍ വെള്ളിമാട്കുന്ന് പൂളക്കടവ് ഭാഗത്ത് വാഹന പരിശോധന നടത്തി വരുന്നതിനിടയില്‍ കുന്ദമംഗലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് മോഷ്ടിച്ച ബൈക്കുമായി ഓടിച്ച് വരവെയാണ് ഇവരെ പിടികൂടിയത്.

പിന്നീട് കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്നും ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. രാത്രി കാലങ്ങളില്‍ പുറത്തിറങ്ങി കറങ്ങി നടക്കുകയും വീടുകളിലും മറ്റു പാര്‍ക്കിങ്ങ് സ്ഥലങ്ങളിലും നിര്‍ത്തിയിടുന്ന വില കൂടിയ ന്യൂജന്‍ മോട്ടോര്‍ ബൈക്കുകളുമാണ് ഇവര്‍ മോഷണം നടത്തുന്നത്. വാഹനത്തിന്റെ ഹാന്റ് ലോക്ക് തകര്‍ത്ത് വയര്‍ ഷോട്ടാക്കിയാണ് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നത്.

ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്ന ഇവര്‍ രാത്രിയില്‍ വാഹനങ്ങള്‍ മോഷ്ട്ടിച്ച് നഗരത്തില്‍ കറങ്ങി നടക്കാറുമാണ് പതിവ്. വാഹനത്തിന്റെ നമ്പര്‍ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് ഉപയോഗിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.

പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും മുക്കം, മെഡിക്കല്‍ കോളേജ്, കുന്ദമംഗലം, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരധികളില്‍ നിന്ന് വാഹനങ്ങള്‍ മോഷ്ട്ടിച്ചിട്ടുണ്ടെന്നും പെട്രോള്‍ തീര്‍ന്ന ജില്ലയുടെ വാഹനങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നും ചില വാഹനങ്ങള്‍ വില്‍പ്പന നടത്തിയതായും പ്രതികള്‍ പോലീസിനോട് സമ്മതിച്ച. ഇവര്‍ മോഷ്ടിച്ച വാഹനങ്ങളെല്ലാം തന്നെ കണ്ടെടുക്കേണ്ടതുണ്ടെന്ന് ചേവായൂര്‍ പോലീസ് ഇന്‍സ്‌പെക്ട്ടര്‍ ചന്ദ്രമോഹനന്‍ പറഞ്ഞു.

ചേവായൂര്‍ സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ മാരായ അഭിജിത്ത്, രഘുനാഥ്,സീനിയര്‍ സി.പി. ഒ സുമേഷ് നന്മണ്ട,സി പി ഒ ശ്രീരാഗ് ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായഎ.എസ.്‌ഐ എം.സജി, സീനിയര്‍ സിപിഒ മാരായ കെ.അഖിലേഷ്,കെ.എ ജോമോന്‍സി,ി.ഒ എം.ജിനേഷ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

കഴിഞ്ഞ ദിവസം പൊലീസ് നടത്തിയ രാത്രി കാല പരിശോധനയില്‍ നിരവധി ലഹരികടത്ത് സംഘങ്ങളെ പിടികൂടിയിരുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി മരുന്നുകളും, ഗുളികകളും ട്രെയിന്‍ മാര്‍ഗം കേരളത്തില്‍ എത്തിച്ചാണ് സംഘം വില്‍പ്പന നടത്തിയിരുന്നു. ഇത്തത്തില്‍ നിരവധി സംഘങ്ങള്‍ നഗരം കേന്ദ്രീകരിച്ച് വിലസുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാത്രികാല പരശോധ പൊലീസ് ശക്തമാക്കിയത്