ഇന്ത്യക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കി യുഎഇ
അബുദാബി: യാത്രാവിലക്കുള്ള ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള താമസവിസക്കാര്‍ക്ക് നിബന്ധനകളോടെ പ്രവേശനാനുമതി നല്‍കി യുഎഇ. ചൊവ്വാഴ്ചയാണ് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അതോറിറ്റി അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച യുഎഇ താമസവിസക്കാര്‍ക്ക് ഓഗസ്റ്റ് അഞ്ചു മുതല്‍ തിരികെ മടങ്ങാം.

യുഎഇ അംഗീകരിച്ച കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞിരിക്കണം. വാക്‌സിന്‍ സ്വീകരിച്ചെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും കൈവശം ഉണ്ടായിരിക്കണം. ഇന്ത്യയ്ക്ക് പുറമെ പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും യുഎഇ പ്രഖ്യാപിച്ച പുതിയ ഇളവ് ബാധകമാണ്.

യുഎഇയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ടെക്‌നീഷ്യന്‍സ് എന്നിവരുള്‍പ്പെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, യുഎഇയിലെ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, യുഎഇയിലെ വിദ്യാര്‍ത്ഥികള്‍, മാനുഷിക പരിഗണന നല്‍കേണ്ടവരില്‍ സാധുവായ താമസവിസയുള്ളവര്‍, ഫെഡറല്‍, ലോക്കല്‍ ഗവണ്‍മെന്റ് ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട എല്ലാവര്‍ക്കും ഓഗസ്റ്റ് അഞ്ച് മുതല്‍ യുഎഇയിലേക്ക് മടങ്ങാനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. ഇവരില്‍ വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കും രാജ്യത്തേക്ക് തിരികെയെത്താം. ദുബൈയില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020ല്‍ പങ്കെടുക്കുന്നവര്‍, എക്സിബിറ്റര്‍മാര്‍, പരിപാടികളുടെ സംഘാടകര്‍ സ്‍പോണ്‍സര്‍ ചെയ്യുന്നവര്‍ എന്നിവര്‍ക്കും യുഎഇയിലേക്ക് അനുമതി നല്‍കിയിട്ടുണ്ട്.