കേരളം ഇന്ന് പൂർണമായും തുറക്കും
ഞായർ ലോക്ഡൗൺ താൽക്കാലികമായി നിറുത്തി
തിരുവനന്തപുരം: ഓണക്കാലത്തെ സാമ്പത്തിക പുരോഗതിയും വിപണിയും ലക്ഷ്യമിട്ട് ഇന്നു മുതൽ സംസ്ഥാനം പൂർണമായും തുറക്കും. ബീച്ചുകൾ തിങ്കളാഴ്ചയും, മാളുകൾ ബുധനാഴ്ചയും മുതൽ തുറക്കും. ഒരു ഡോസ് വാക്സീനെടുത്തവർക്ക് ടൂറിസം കേന്ദ്രങ്ങളിൽ പ്രവേശിക്കാൻ തടസമില്ല.

ഞായറാഴ്ചകളിലെ ലോക്ഡൗൺ ഇനി ഓണത്തിന് മുൻപില്ല. ഇന്ന് മുതൽ കടകൾ തുറന്നാൽ 28 വരെ വിപണി സജീവമായിരിക്കും. രാവിലെ 7 മുതൽ രാത്രി 9 വരെ കടകൾക്ക് പ്രവർത്തിക്കാം. കടകളിൽ പ്രവേശിക്കാൻ നിബന്ധനകളുണ്ടെങ്കിലും ജനങ്ങളെ ബുദ്ധിമുട്ടിക്കേണ്ടെന്ന സർക്കാർ നിർദേശം വ്യാപാരമേഖലയ്ക്കു കൂടുതൽ ഉണർവേകും. എ.സിയില്ലാത്ത റെസ്റ്ററന്റുകളിൽ ഇരുന്നു കഴിക്കാനുള്ള അനുമതി സംബന്ധിച്ച് നാളെ ചേരുന്ന കൊവിഡ് അവലോകനയോഗത്തിൽ തീരുമാനമായേക്കും.