മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം പി.എം.എ സലാം.

കോഴിക്കോട്: അനധികൃതമായി പത്രസമ്മേളനത്തിൽ കയറുകയും കുഞ്ഞാലിക്കുട്ടിക്കെതിരേ അടക്കം കടുത്ത വിമർശനം ഉന്നയിക്കുകയും ചെയ്ത മൂഈൻ അലിക്കെതിരേ കൂടുതൽ നടപടി പാണക്കാട് കുടുംബവുമായി ആലോചിച്ച ശേഷം തീരുമാനിക്കുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം.അദ്ദേഹത്തിന്റെ നടപടി തെറ്റായി പോയെന്ന് പാർട്ടി അന്ന് തന്നെ വിലയിരുത്തിയതാണ്. ചന്ദ്രികയുടെ പ്രശ്നങ്ങൾ തീർക്കാൻ മാത്രമാണ് അദ്ദേഹത്തെ ചുമതലപ്പെടുത്തിയത്. അത്തരത്തിലൊരാൾ മറ്റ് കാര്യങ്ങളിൽ പാർട്ടിയോട് ചോദിക്കാതെ ഇടപെടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും പി.എം.എ സലാം കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാർട്ടി നേതൃത്വത്തോട് ആലോചിച്ച ശേഷം തന്നെയാണ് ഹൈദരാലി തങ്ങൾ മുഈൻ അലിയെ പ്രശ്ന പരിഹാരത്തിന് നിയോഗിച്ചത്. എന്നാൽ വിചാരിച്ച പോലെ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ചന്ദ്രികയിൽ കള്ളപ്പണം കൊണ്ടുവെച്ചിട്ടില്ല. ഈ വിഷയത്തിൽ ഫിനാൻസ് ഡയറക്ടറെ മാറ്റാൻ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും അത്തരം ചർച്ചകൾ നടന്നിട്ടില്ലെന്നും പി.എം.എ സലാം പറഞ്ഞു. കോവിഡ് കാലത്ത് കേരളത്തിലെ പല കമ്പനികൾക്കും സംഭവിച്ച സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ചന്ദ്രികയ്ക്കും ഉണ്ടായത്. അത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്.

ഹൈദരാലി തങ്ങളുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ലീഗ് പ്രവർത്തകർക്കെല്ലാം ബോധ്യമുണ്ട്. ആരും അതെ കുറിച്ച് ഞങ്ങളെ പ്രകോപിതരാക്കി പറയിപ്പിക്കേണ്ട. മുഈൻ അലിക്കെതിരേ നടപടി സ്വീകരിച്ചാൽ ഭൂകമ്പം ഉണ്ടാവുമെന്ന് പറഞ്ഞത് ലീഗുകാരല്ല സി.പി.എമ്മുകാരാണ്. വിഷയത്തിൽ ആവശ്യമായ നടപടി പാർട്ടി സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പി.എം.എ സലാം പറഞ്ഞു.