ഒളിമ്പിക്സ് താരങ്ങള്‍ക്ക് ജില്ലാപഞ്ചായത്തിന്റെ പാരിതോഷികം ശ്രീജേഷിന് ഒരു ലക്ഷം, ഇര്‍ഫാനും ജാബിറിനും 50,000 വീതം
മലപ്പുറം: ടോക്യോ ഒളിമ്പിക്സില്‍ മെഡല്‍ നേടിയ ഹോക്കി ടീമിലെ മലയാളി താരം പി.ആര്‍ ശ്രീജേഷിന് മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കും. ജില്ലയില്‍ നിന്നുള്ള ഒളിമ്പിക്സ് താരങ്ങളായ കെ.ടി ഇര്‍ഫാന്‍, എം.പി ജാബിര്‍ എന്നിവര്‍ക്ക് 50,000 രൂപ വീതം പാരിതോഷികമായി നല്‍കുമെന്നും ഭരണസമിതി യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അറിയിച്ചു.

ടോക്യോ ഒളിമ്പിക്സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ നീരജ് ചോപ്രയെ അഭിനന്ദിച്ചുകൊണ്ടാണ് യോഗം ആരംഭിച്ചത്.ജനകീയാസൂത്രണത്തിന്റെ രജതജൂബിലി ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കും.

1995 ന് ശേഷമുള്ള തദ്ദേശ സ്വയം ഭരണ സാരഥികളേയും അംഗങ്ങളെയും ആദരിക്കും. കലാകാരന്‍മാര്‍, വ്യത്യസ്ത മേഖലകളില്‍ വിവിധ സംഭാവനകള്‍ നല്‍കിയവര്‍, ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സ്ത്രീകള്‍ എന്നിവരെയും ആദരിക്കും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പരിപാടികള്‍ സംഘടിപ്പിക്കുക. ഓരോ ചടങ്ങിലും 20 പേരില്‍ കൂടുതല്‍ പങ്കെടുക്കില്ല. രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളില്‍ മിയാവാക്കി വനങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

പരിഷ്‌കരിച്ച കോവിഡ് മാനദണ്ഡങ്ങള്‍ പുനഃപരിശോധിക്കണമെന്ന് ജില്ലാപഞ്ചായത്ത് പ്രമേയത്തിലൂടെ സര്‍ക്കാരിനോടാവശ്യപ്പെട്ടു.