Fincat

മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന ചന്ദന തടി പിടികൂടി

പാലക്കാട്: മഞ്ചേരിയിൽ നിന്നും തമിഴ്‌നാട്ടിലേക്ക് കടത്തി കൊണ്ടുപോകുകയായിരുന്ന 1100 കിലോ ചന്ദന തടി കഷ്ണങ്ങൾ വനം വകുപ്പ് വിജിലൻസ് വിഭാഗം പിടികൂടി. തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയിൽ രഹസ്യ അറയുണ്ടാക്കി, അതിൽ 57 ചാക്കുകളിലാക്കി സൂക്ഷിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്. ലോറിയിലുണ്ടായിരുന്ന ഒറ്റപ്പാലം തൃക്കടീരി അബ്ദുൽസലാം(34), കൊണ്ടോട്ടി തുറക്കൽ അനസ്( 22) എന്നിവരെ അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെ ഒലവക്കോടുവെച്ച് പാലക്കാട് – നെന്മാറ ഡിവിഷനുകൾ സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

മഞ്ചേരി മൂച്ചിക്കലുള്ള കുട്ടിമാൻ എന്നയാളുടേതാണ് പിടിച്ചെടുത്ത ചന്ദനമെന്ന് പ്രതികൾ മൊഴി നൽകി. പ്രതികൾ ഇതിന് മുമ്പും ഇത്തരത്തിൽ ചന്ദനം കടത്തിയിട്ടുണ്ട്. ചന്ദനത്തിന്റെ ഉറവിടം അന്വേഷിച്ചു വരുന്നതായി വനംവകുപ്പ് അധികൃതർ അറിയിച്ചു.