ഇഒഎസ്-03 വിക്ഷേപണം: ലക്ഷ്യം പൂർത്തീകരിക്കാനായില്ലെന്ന് ഐഎസ്ആർഒ
ശ്രീഹരിക്കോട്ട: ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ നാഴികകല്ലായി മാറുമായിരുന്ന ജിയോ ഇമേജിംഗ് ഉപഗ്രഹമായ ജി.ഐ.സാറ്റ് (ഇഒഎസ്-03) വിക്ഷേപണം പരാജയമെന്ന് ഐഎസ്ആർഒ. ആദ്യ രണ്ട് ഘട്ടം വിജയമായിരുന്നെങ്കിലും ക്രയോജനിക് എന്‍ജിന്‍ ഉപയോഗിച്ചുള്ള മൂന്നാം ഘട്ടത്തിൽ തകരാർ സംഭവിക്കുകയായിരുന്നു.
വിക്ഷേപണം പൂർണ വിജയമല്ല. ചില തകരാറുകൾ ഉണ്ട്. കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ വ്യക്തമാക്കി.
ഇന്ന് പുലർച്ചെ 5.43-നാണ് ഉപഗ്രഹം ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചത്. ജി.എസ്.എൽ.വി – എഫ് 10 ആയിരുന്നു വിക്ഷേപണ വാഹനം.ബഹിരാകാശത്ത് 36,000 കിലോമീറ്റർ ഉയരെ നിലയുറപ്പിച്ച് അരമണിക്കൂറിലൊരിക്കൽ ഇന്ത്യയുടെ സമ്പൂർണ ചിത്രങ്ങൾ പകർത്തുന്ന അത്യാധുനിക ജിയോ ഇമേജിംഗ് ഉപഗ്രഹമാണ് ജി.ഐ.സാറ്റ്. ഭൂസ്ഥിര ഭ്രമണപഥത്തിൽ ഭൂമിയെ നിരീക്ഷിക്കുന്ന ആദ്യ ഇന്ത്യൻ ഉപഗ്രഹമാണിത്. അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ഇത്തരം ഉപഗ്രഹങ്ങളുണ്ട്.
ഭൂസ്ഥിര ഭ്രമണപഥത്തിൽ രാജ്യത്തിന്റെ അതിർത്തിയും കരയും കടലും നിരന്തരം നിരീക്ഷിക്കാനുള്ള ഇരട്ട ഉപഗ്രഹങ്ങളിൽ ആദ്യത്തേതാണിത്. രണ്ടാമത്തെ ഉപഗ്രഹം ജി. ഐ. സാറ്റ് -2 ( ഇ. ഒ. എസ് 5) അടുത്ത വർഷം ജി.എസ്. എൽ.വി.എഫ് 12 റോക്കറ്റിൽ വിക്ഷേപിക്കാനുള്ള പദ്ധതിയിലായിരുന്നു ഐഎസ്ആർഒ.കൊവിഡ് അയഞ്ഞതോടെ ബഹിരാകാശ ദൗത്യങ്ങൾ പുനരാരംഭിക്കുന്ന ഐ. എസ്. ആർ. ഒ ഈ വർഷം ഇന്ത്യയ്‌ക്കായി നടത്തിയ ആദ്യ വിക്ഷേപണമായിരുന്നു ഇന്നത്തേത്. ഫെബ്രുവരി 28ന് പി.എസ്. എൽ.വി റോക്കറ്റിൽ ബ്രസീലിന്റെ ആമസോണിയ 1 ഉപഗ്രഹവും മറ്റ് 18 ചെറിയ ഉപഗ്രഹങ്ങളും വാണിജ്യവിക്ഷേപണം നടത്തിയിരുന്നു.
ജി.ഐ സാറ്റ് – 1 കഴിഞ്ഞ വർഷം മാർച്ചിൽ വിക്ഷേപിക്കേണ്ടതായിരുന്നു. അമേരിക്കയുടെ എതിർപ്പാണ് വില്ലനായത്. പിന്നീട് ഇക്കൊല്ലം മാർച്ച് 5നും 28നും തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളും കൊവിഡ് രണ്ടാം തരംഗവും തടസമായി.