മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും പിഴയും

തിരുവനന്തപുരം: മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിന് ആറു വർഷം കഠിനതടവും അമ്പതിനായിരം രൂപ പിഴയും ശിക്ഷ. ആറ്റിങ്ങൽ സ്വദേശിയെയാണ് ശിക്ഷിച്ചത്. ആറ്റിങ്ങല്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ ( പോക്സോ)​ കോടതി ജഡ്ജ് പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.

സ്ഥിരം മദ്യപിച്ചെത്തി വീട്ടിൽ പ്രശ്നമുണ്ടാക്കിയിരുന്ന പിതാവ് മകളെ ഉപദ്രവിക്കുകയായിരുന്നു. ഭാര്യയ്ക്കും മകൾക്കും മാനസിക അസ്വാസ്ഥ്യമുള്ള മകനുമൊപ്പം താമസിച്ചുവരവെയാണ് സംഭവം. പിതാവ് മകളെ പീഡിപ്പിച്ച വിവരം ആദ്യ ഭാര്യയിലെ മകന്‍ ചൈല്‍ഡ് ലൈനില്‍ അറിയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ മകൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ അനുസരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തത്.

ലൈംഗിക പീഡനത്തിന് ആറു വര്‍ഷം കഠിനതടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷിച്ചു. ലൈംഗിക അതിക്രമത്തിന് മൂന്ന് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നല്‍കണം. പിഴത്തുക കെട്ടിവയ്ക്കാത്ത പക്ഷം ഒരു വര്‍ഷവും മൂന്നു മാസവും കൂടി അധികമായി കഠിനതടവ് അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. ശിക്ഷാകാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിചാരണ തടവുകാലം ശിക്ഷയിളവ് നല്‍കാമെന്നും വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. പോത്തന്‍കോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രോസിക്യൂഷനുവേണ്ടി പോക്സോ കോടതി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ അഡ്വ. എം. മുഹസിന്‍ ഹാജരായി.