57 ദിവസത്തിനുള്ളിൽ ദൃശ്യ കൊലക്കേസിൽ കുറ്റപ്പത്രം സമർപ്പിച്ചു.
പെരിന്തൽമണ്ണ: ഏലംകുളത്തെ ദൃശ്യ കൊലക്കേസിൽ അന്വേഷണ സംഘം 518 പേജുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പെരിന്തൽമണ്ണ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി(ഒന്ന്) യിലാണ് കുറ്റപത്രം നൽകിയത്. ജൂൺ 17 ന് രാവിലെയാണ് വീട്ടിലെ കിടപ്പു മുറിയിൽ എളാട് കൂഴന്തറ ചെമ്മാട്ടിൽ സി.കെ.ബാലചന്ദ്രന്റെ മകൾ ദൃശ്യ(21) കൊല്ലപ്പെട്ടത്. ലക്കിടി നെഹ്‌റു അക്കാദമി ഓഫ് ലോ കോളജിലെ മൂന്നാം വർഷ ബിബിഎ എൽഎൽബി വിദ്യാർഥിനിയായിരുന്നു.
അക്രമം തടയാനുള്ള ശ്രമത്തിനിടെ ദൃശ്യയുടെ സഹോദരിക്കും പരുക്കേറ്റിരുന്നു. പ്രതിയായ നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷ്(21) അന്നു തന്നെ അറസ്‌റ്റിലായിരുന്നു. വിനീഷ് നിലവിൽ റിമാൻഡിലാണ്. കേസിൽ 81 സാക്ഷികളെ പൊലീസ് ചോദ്യം ചെയ്‌തു. 80 തൊണ്ടിമുതലുകളും അനുബന്ധ രേഖകളും സമർപ്പിച്ചിട്ടുണ്ട്. കൊലപാതക കേസിൽ 90 ദിവസത്തിനകമാണ് കുറ്റപത്രം നൽകേണ്ടത്. കൃത്യം നടന്ന് 57–ാമത്തെ ദിവസമാണ് കുറ്റപത്രം നൽകിയത്.