കരിപ്പൂർ സ്വർണക്കടത്ത് കവർച്ച സഹോദരങ്ങളടക്കം നാലു പേർ പിടിയിൽ
കൊണ്ടോട്ടി: കരിപ്പൂർ സ്വർണക്കടത്ത് കവർച്ച കേസിൽ സഹോദരങ്ങളടക്കം നാലുപേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കൊടിയത്തൂർ സ്വദേശികളും സഹോദരങ്ങളുമായ എല്ലേങ്ങൽ അലി ഉബൈറാൻ (24), എല്ലേങ്ങൽ ഉബൈദ് അക്തർ (19), പരപ്പൻപോയിൽ സ്വദേശി കുന്നുമ്മൽ ഗസ്വാൻ ഇബിൻ റഷീദ് (20), മുക്കം പുതിയോട്ടിൽ അർഷാദ് (24) എന്നിവരെയാണ് മുക്കം, താമരശ്ശേരി, അടിവാരം എന്നിവിടങ്ങളിൽനിന്ന് വെള്ളിയാഴ്ച പുലർച്ച അറസ്റ്റ് ചെയ്തത്. സംഭവദിവസം ഇവർ ഉപയോഗിച്ച വാഹനവും പിടിച്ചെടുത്തു. സംഭവത്തിനുശേഷം പ്രതികൾക്ക് ഒളിവിൽ കഴിയുന്നതിന് സൗകര്യം ഒരുക്കിയതിനും കേസിലുൾപ്പെട്ട വാഹനം ഒളിപ്പിച്ചതിനുമാണ് അലി ഉബൈറാനെ പിടികൂടിയത്.
ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 31 ആയി. 15ഓളം വാഹനങ്ങളും പിടിച്ചെടുത്തു. പിടിയിലായ പ്രതികൾക്ക് കൊടുവള്ളി, ചെർപ്പുളശ്ശേരി, താമരശ്ശേരി ഭാഗങ്ങളിലുള്ള സ്വർണക്കടത്ത് സംഘങ്ങളുമായി അടുത്ത ബന്ധമാണുള്ളത്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും വിദേശയാത്രകളും പൊലീസ് പരിശോധിക്കുന്നുണ്ട്. പിടിയിലായ പ്രതികളെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.