പ്രവേശനവിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി സൗദി വീണ്ടും പുതുക്കി

റിയാദ്: സൗദി അറേബ്യയിൽ പ്രവേശന വിലക്കുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ സന്ദര്‍ശക വിസ കാലാവധി വീണ്ടും പുതുക്കി നല്‍കി. സെപ്തംബര്‍ 30 വരെ സൗജന്യമായാണ് കാലാവധി നീട്ടിയത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രവാസികൾക്ക് തീരുമാനം ഉപകാരപ്പെടും.

സൗദി അറേബ്യയിലേക്ക് നേരിട്ട് വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഉപയോഗിക്കാത്ത വിസിറ്റ് വിസകളുടെ കാലാവധിയാണ് വീണ്ടും പുതുക്കി നല്‍കിയത്. കാലാവധി അവസാനിച്ചതും വരും ദിവസങ്ങളില്‍ അവസാനിക്കുന്നതുമായ സന്ദര്‍ശക വിസകള്‍ സെപ്തംബര്‍ 30 വരെ കാലാവധി നീട്ടി നല്‍കും. സൗജന്യമായും ഓട്ടോമാറ്റിക് സംവിധാനം വഴിയുമാണ് കാലാവധി നീട്ടി നല്‍കുക.

സൗദി റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കാണ് ഉത്തരവ് പ്രയോജനപ്പെടുക. മലയാളി പ്രവാസികളടേതുള്‍പ്പെടെ നിരവധി പേരുടെ ആശ്രിതരാണ് സൗദിയിലേക്കെത്തുന്നതിന് സന്ദര്‍ശക വിസ ലഭിച്ചിട്ടും വിമാന സര്‍വീസ് ഇല്ലാത്തതിനെ തുടര്‍ന്ന് യാത്ര റദ്ദാക്കേണ്ടി വന്നിട്ടുള്ളത്.