ലൈംഗികാധിക്ഷേപം: ഹരിത അംഗങ്ങളുടെ പരാതിയിൽ എംഎസ്എഫ് നേതാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട്: ലൈംഗികാധിക്ഷേപം നടത്തിയെന്നതടക്കമുള്ള ഹരിത നേതാക്കളുടെ പരാതിയിൽ മുസ്സിം ലീഗിന്റെ വിദ്യാർത്ഥി വിഭാഗമായ എംഎസ്എഫിന്റെ സംസ്ഥാന നേതൃത്വത്തിനെതിരെ പൊലീസ് കേസ് എടുത്തു. ഹരിത പ്രവർത്തകരുടെ പരാതിയിൽ കോഴിക്കോട് വെള്ളയിൽ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന പ്രസിഡന്റ് പികെ നവാസ്, മലപ്പുറം ജില്ല ജനറൽ സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക ചുവയുള്ള സംസാരത്തിന് 354(A)വകുപ്പ് പ്രകാരം ആണ് കേസ് രജിസ്റ്റർ ചെയ്തത്.
എംഎസ്എഫ് സംസ്ഥാന നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നേരത്തെ ഹരിതാ നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയിരുന്നു. വനിതാ കമ്മീഷൻ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി കൈമാറുകയും തുടർന്ന് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തുകയും റിപ്പോർട്ട് പൊലീസിന് കൈമാറുകയും ചെയ്തു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് എടുത്തത്. സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി വി അബ്ദുള്‍ വഹാബും ലൈംഗീക അധിക്ഷേപം നടത്തിയെന്ന് കാണിച്ചാണ് വനിതാ കമ്മീഷന് പരാതി നൽകിയത്. ആദ്യം ലീഗ് നേതൃത്തിനായിരുന്നു ഹരിതാ നേതാക്കൾ പരാതി നൽകിയത്. ഈ പരാതി നേതൃത്വം അവഗണിച്ചതോടെയാണ് ഹരിതയിലെ 10 വനിതാ നേതാക്കള്‍ കമ്മീഷനെ സമീപിച്ചത്.