വന്‍ മയക്കുമരുന്നു വേട്ട; 80ലക്ഷം രൂപ വിലവരുന്ന ലഹരിമരുന്നുമായി രണ്ട് പേര്‍ അറസ്റ്റില്‍

കൊച്ചി: കൊച്ചി നഗരത്തില്‍ എക്‌സൈസിന്റെ വന്‍ മയക്കുമരുന്നു വേട്ട. 80ലക്ഷം രൂപ വിലവരുന്ന സിന്തറ്റിക്ക് ലഹരിമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അല്‍ അമീന്‍(23), ആലപ്പുഴ കലവൂര്‍ സ്വദേശി ബിമല്‍ബാബു(22) എന്നിവരാണ് പിടിയിലായത്.

എക്‌സൈസ് കമ്മിഷണറുടെ തെക്കന്‍ മേഖല സ്‌പെഷ്യല്‍ സ്‌ക്വാഡ് നല്‍കി രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് പിടികൂടിയത്.ᴛʟsᴍ. എം.ഡി.എം.എ. കൈവശം വെച്ച കുറ്റത്തിന് കാക്കനാട് അമ്പാടിമൂലയില്‍ വെച്ച് അല്‍ അമീനെ എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിനോജിന്റെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.

അല്‍ അമീന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് നിലം പതിഞ്ഞമുകളിലെ അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയില്‍ ബിമല്‍ബാബുവും ലഹരി മരുന്നുമായി അറസ്റ്റിലായി. 174.17ഗ്രാം എം.ഡി.എം.എ ഇരുവരില്‍ നിന്നുമായി പിടിച്ചെടുത്തു. ഇതോടൊപ്പം ഒരു ബൈക്കും 4000 രൂപയും തൊണ്ടിയായി പിടിച്ചെടുത്തിട്ടുണ്ട്.

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് പ്രമാണിച്ച് മയക്കുമരുന്നിന്റെ വിപണനവും ഉറവിടവും കണ്ടെത്തുന്നതിനായി ശക്തമായ പരിശോധനകള്‍ എക്‌സൈസ് നടത്തിവരികയാണ്. കഴിഞ്ഞ ദിവസം 24 ഗ്രാം എം.ഡി.എം.എയുമായി കലൂര്‍ ഭാഗത്തു നിന്നും ഷേക്ക് മുഹസിന്‍ എന്നയാളെ എറണാകുളം സ്‌ക്വാഡ് അറസ്റ്റ് ചെയ്തിരുന്നു.