ഐസിസ് ബന്ധം: കണ്ണൂരിൽ രണ്ടു യുവതികൾ അറസ്റ്റിൽ
പിടികൂടിയത് എൻ.ഐ.എ ഡൽഹി സംഘം
കണ്ണൂർ: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികൾ കണ്ണൂരിൽ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡൽഹിയിൽ നിന്നുള്ള എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. യുവതികൾ ക്രോണിക്കിൾ ഫൗണ്ടേഷൻ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമത്തിലൂടെ ഐസിസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എൻ.ഐ.എ പറയുന്നത്. കൊച്ചി യൂണിറ്റിനെ പോലും അറിയിക്കാതെയാണ് ഡൽഹി സംഘം കണ്ണൂരിലെത്തി അറസ്റ്റ് ചെയ്‌തത്.
കഴിഞ്ഞ മാർച്ച് മുതൽ യുവതികൾ എൻ.ഐ.എ നിരീക്ഷണത്തിലായിരുന്നു. താണയിലെ ഇവരുടെ വീട്ടിൽ നേരത്തെ എൻ.ഐ.എ നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്, പെൻഡ്രൈവ് എന്നിവ പിടിച്ചെടുത്തിരുന്നു. ആറു മാസത്തിലധികം നീണ്ട അന്വേഷണത്തിലാണ് യുവതികളെ പിടികൂടിയത്. ഇവരുടെ കൂട്ടാളി മുസാദ് അൻവർ നേരത്തെ അറസ്റ്റിലായിരുന്നു. സംഘാംഗമായ അമീർ അബ്ദുൾ റഹ്‌മാനെ മംഗലാപുരത്ത് നിന്ന് ആഗസ്റ്റ് നാലിന് അറസ്റ്റ് ചെയ്തെന്നാണ് സൂചന.
–ബന്ധുവീട്ടിലെ റെയ്ഡ്-
താണയിലെ ഇവരുടെ ബന്ധു വീട്ടിൽ നടത്തിയ റെയ്ഡിൽ എൻ.
ഐ.എ നോട്ടീസ് നൽകിയ യുവാവിനെയും യുവതിയെയും കഴിഞ്ഞ മാർച്ചിൽ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ യുവതി ഐസിസിൽ ചേരാൻ സിറിയയിലേക്ക് പോകുന്നതിനിടെ ടെഹ്റാൻ എയർപോർട്ടിൽ വച്ച് ഇറാക്ക് സൈന്യം പിടികൂടി തിരികെ ഇന്ത്യയിലേക്ക് അയച്ചതാണ്. അറസ്റ്റിലായ ഷിഫ ഹാരിസിനും മിസ്ഹ സിദ്ദിഖിനും നേരത്തേ പിടിയിലായവരുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരുന്നു.
ഇവർ കണ്ണൂരിൽ താമസിച്ച് കേരളത്തിലടക്കം ഐസിസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന ഏജന്റാണെന്നാണ് എൻ.ഐ.എയുടെ കണ്ടെത്തൽ.