എംഎസ്എഫ്-ഹരിത വിഷയം; ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ കമ്മിറ്റികൾ കത്ത് നൽകി
മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫിന്റെ 12 ജില്ലാക്കമ്മിറ്റികൾ രംഗത്ത്. ഹരിത നേതാക്കൾക്ക് പിന്തുണയറിയിച്ച്, വിഷയത്തിൽ ശക്തമായ നടപടി ആവശ്യപ്പെട്ട് മുസ്ലിംലീഗ് സംസ്ഥാന നേതൃത്വത്തിന് ജില്ലാ കമ്മിറ്റികൾ കത്ത് നൽകി.

വനിതാ കമ്മീഷന് ഹരിത പരാതി നൽകിയതിന് തൊട്ടടുത്ത ദിവസമാണ് നടപടി ആവശ്യപ്പെട്ട് ജില്ലാ ഘടകങ്ങൾ കത്ത് അയച്ചത്.അതിനിടെ, പാർട്ടിക്കും പാണക്കാട് തങ്ങൾമാർക്കും അപമാനമുണ്ടാക്കുന്ന ഒരു പ്രവർത്തിയും തന്നിൽ നിന്നുണ്ടായിട്ടില്ലെന്ന് ഹരിത നേതാക്കൾ ലൈംഗികാധിക്ഷേപ ആരോപണം ഉന്നയിച്ച എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസ് പ്രതികരിച്ചു.
സംഘടനയ്ക്കുളളിലെ സംഘങ്ങളിലല്ല, സംഘടനയിലാണ് അംഗങ്ങളാവേണ്ടത്. ആരുടെയെങ്കിലും സഞ്ചി പിടിച്ചാലേ പാർട്ടിയിൽ സ്ഥാനമുള്ളൂ എന്നാണെങ്കിൽ ആത്മാഭിമാനമാണ് വലുതെന്നാണ് തന്റെ നിലപാടെന്നും പി കെ നവാസ് പറഞ്ഞു.

പാർട്ടിക്കും പാണക്കാട് തങ്ങൾമാർക്കും അപമാനമുണ്ടാക്കുന്ന ഒരു വാചകവും നോട്ടവും തന്നിൽ നിന്നുണ്ടായിട്ടില്ല. തെറ്റ് പറ്റിയാൽ തെറ്റ് പറ്റിയെന്ന് അംഗീകരിക്കും. തനിക്ക് ഒരു തെറ്റും പറ്റിയിട്ടില്ല. എം എസ്.എഫുകാർ ഫേസ്ബുക്കിലെ ഫാൻസ് അസോസിയേഷൻ ആകരുത് സംഘടനയ്ക്കകത്തെ സംഘങ്ങളിലല്ല സംഘടനയിലാണ് അംഗങ്ങളാകേണ്ടത്. സമാന്തര സംഘങ്ങളിൽ അംഗമാകാതിരിക്കുന്നതാണ് തന്റെ രാഷ്ട്രീയ ബോധമെന്നും പികെ നവാസ് പറഞ്ഞു.