ഇൻഡിഗോയുടെ വിലക്ക് യുഎഇ പിൻവലിച്ചു; വെള്ളിയാഴ്ച സർവീസ് പുന:രാരംഭിക്കും
ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതൽ യുഎഇയിലേക്കുള്ള വിമാനസർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അധികൃതർ അറിയിച്ചു.

വിമാനത്താവളത്തിൽ ആർടിപിസിആർ പരിശോധന നടത്താതെ യാത്രക്കാരെ ദുബായിൽ എത്തിച്ചതിനെത്തുടർന്നാണ് ചൊവ്വാഴ്ച വരെ വിലക്കേർപ്പെടുത്തിയിരുന്നത്. ദുബായ് അധികൃതരുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് വിലക്ക് പിൻവലിച്ചത്.

യാത്ര പുറപ്പെടുന്നതിന് 6 മണിക്കൂർ മുൻപ് യാത്രക്കാർ വിമാനത്താവളങ്ങളിൽ എത്തണമെന്നാണ് നിർദേശം. ദുബായിലേയ്ക്ക് വരുന്നതിന് ജിഡിആർഎഫ്എ അനുമതി നേടുന്നതിനൊപ്പം 48 മണിക്കൂറിനുള്ളിലും ആറ് മണിക്കൂറിനുള്ളിലും രണ്ട് പിസിആർ പരിശോധന നടത്തേണ്ടതുണ്ട്. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമാണ് യാത്രയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
