ഹണി ട്രാപിൽ കുടുക്കി സ്വർണവും പണവും തട്ടിയെടുത്ത കേസിൽ ദമ്പതികളും യുവതിയും ഉൾപെടെ നാലംഗ സംഘം അറസ്റ്റിൽ

കാസർകോഡ്: വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സാജിദ (30), മേല്‍പറമ്പ് പാലീസ് സ്റ്റേഷന്‍ പരിധിയിലെ ഉമര്‍ (47), ഇയാളുടെ ഭാര്യ ഫാത്വിമ (42), പയ്യന്നുര്‍ സ്റ്റേഷന്‍ പരിധിയിലെ ഇഖ്ബാല്‍( 42) എന്നിവരെയാണ് കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന്‍, സി ഐ ഷൈന്‍, എസ് ഐ സതീഷ്, എ എസ് ഐ രാജന്‍, സ്‌ക്വാഡ് അംഗങ്ങളായ മധു, മധുസൂദനന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഗ്രീഷ്മ, നാരായണന്‍ പ്രശാന്ത് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.

പൊലീസ് പറയുന്നതിങ്ങനെ: ‘കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറി (58) ന്റെ പരാതിയിലാണ് പ്രതികളെ പിടികൂടിയത്. നേരെത്തെ പരിചയത്തിലായിരുന്ന മൊബൈല്‍ ഫോണില്‍ മിസ്ഡ്‌കോള്‍ ചെയ്ത് സാജിദ കറക്കിയെടുത്ത സത്താറിനെ കാഞ്ഞങ്ങാട്ട് കൊണ്ടുവന്ന് ഓഗസ്റ്റ് രണ്ടിന് പ്രതികള്‍ കല്യാണനാടകം നടത്തിയിരുന്നു. അതിനുശേഷം സാജിദയോടപ്പം കൊവ്വല്‍പള്ളി കല്ലന്‍ചിറയിലെ വാടകവീട്ടിലാണ് സത്താര്‍ താമസിച്ചിരുന്നത്. തങ്ങളുടെ മകളാണ് സാജിദയെന്നാണ് ഉമറും ഫാത്വിമയും പരിചയപ്പെടുത്തിയത്.

ഇതിനിടയില്‍ സംഘം കിടപ്പറയില്‍ രഹസ്യക്യാമറ വെച്ച് സാജിദയുടെയും സത്താറിന്റെയും ചിത്രങ്ങള്‍ പകര്‍ത്തിയതിന് ശേഷം ഇവ സത്താറിന്റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി മൂന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്റെ സ്വര്‍ണവും പിന്നീട് 15,700 രൂപയും തട്ടിയെടുത്തെന്നാണ് പരാതി.

കാഞ്ഞങ്ങാട്ട് കല്യാണം കഴിച്ച കാര്യം കൊച്ചിയിലെ അകന്നുകഴിയുന്ന ഭാര്യയെയും ബന്ധുക്കളെയും അറിയിക്കാതിരിക്കാനാണ് സത്താര്‍ പണം നല്‍കിയത്. ഇതിന് ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്.’

അറസ്റ്റിലായ സാജിദ നേരത്തേ കാസര്‍കോട്ട് ഹണി ട്രാപ് കേസിലെ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കേസില്‍ അഞ്ച് പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് ഹൊസ്ദുര്‍ഗ് സി ഐ ഷൈന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഇവര്‍ നിരവധി പേരെ ഇത്തരത്തില്‍ ഹണി ട്രാപില്‍ കുടുക്കിയിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.