വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടി

വീണ്ടും ലഹരി മരുന്ന് സംഘത്തെ പിടികൂടി
കോഴിക്കോട്: ന്യൂജന്‍ ലഹരിമരുന്നായ എം.ഡി.എം.എ.യുമായി(മെത്തലിന്‍ ഡയോക്സി മെത്താംഫീറ്റമിന്‍)കോഴിക്കോട് മൂന്ന് യുവാക്കള്‍ പിടിയില്‍. എളേറ്റില്‍ കൈതക്കല്‍ വീട്ടില്‍ നൗഫല്‍ (33), എളേറ്റില്‍ ഞേളികുന്നുമ്മല്‍ അന്‍വര്‍ തസ്നിം(30) കട്ടിപ്പാറ പുറംമ്പോളിയില്‍ മന്‍സൂര്‍ (35) എന്നിവരെയാണ് 44 ഗ്രാം എം.ഡി.എം.എ.യുമായി ചേവായൂര്‍ പോലീസും സിറ്റി നാര്‍ക്കോട്ടിക്ക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സും (ഡന്‍സാഫ്) സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

അന്‍വര്‍ കുവൈറ്റില്‍ ഹെറോയിന്‍ കടത്തിയ കേസില്‍ 15 വര്‍ഷം ശിക്ഷിക്കപ്പെട്ട കുറ്റവാളിയാണ്. കുവൈറ്റ് സര്‍ക്കാരിന്റെ പൊതുമാപ്പില്‍ 8 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് 8 മാസം മുമ്പ് അന്‍വര്‍ ജയില്‍ മോചിതനായിരുന്നു.കുവൈറ്റ് ജയിലില്‍ സമാനമായ കേസില്‍ ശിക്ഷക്ക് ശേഷം പുറത്തിറങ്ങിയ തമിഴ്നാട് സ്വദേശിയില്‍ നിന്നുമാണ് അന്‍വര്‍ ലഹരിമരുന്ന് വാങ്ങി കേരളത്തില്‍ എത്തിച്ചിട്ടുള്ളത്.നൗഫല്‍ ഗള്‍ഫിലും ഇന്ത്യയിലും സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നയാളാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് അന്താരാഷ്ട്ര ലഹരിമരുന്ന് സംഘങ്ങളുമായി അടുത്ത ബന്ധമുള്ളതായും വ്യക്തമായിട്ടുണ്ട്.

സിന്തറ്റിക് ഡ്രഗ്‌സ് വിഭാഗത്തില്‍പ്പെടുന്ന എം.ഡി.എം.എ. ചികിത്സാരംഗത്ത് വരെ ഉപയോഗിക്കുന്നതിനു സ്വീകാര്യത ലഭിച്ചിട്ടില്ല. നിശാപാര്‍ട്ടികളില്‍ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കുറഞ്ഞ അളവിലുള്ള ഉപയോഗം 4 മുതല്‍ 6 മണിക്കൂര്‍ വരെ ലഹരി നില്‍ക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ആഘോഷങ്ങളുടെ ഭാഗമായി കോഴിക്കോട് സിറ്റിയില്‍ ലഹരിമരുന്നിന്റെ ഉപയോഗം വര്‍ധിച്ചു വരാനുള്ള സാധ്യത മുന്നില്‍ കണ്ട് നിരീക്ഷണം ശക്തമാക്കാന്‍ സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി. എ.വി. ജോര്‍ജ്ജ് ഐ.പി.എസ്. കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് ഡി.സി.പി. സ്വപ്നില്‍ മഹാജന്‍ ഐ.പി.എസിന്റെ കീഴില്‍ ഡന്‍സാഫും, സിറ്റി ക്രൈം സ്‌ക്വാഡും അന്വേഷണം ഊര്‍ജ്ജിതമാക്കിയിരുന്നു.

ഗോവ, ബാഗ്ലൂര്‍, ചെന്നൈ കേന്ദ്രീകരിച്ചാണ് സിന്തറ്റിക്ക് ഡ്രഗ്ഗുകളെല്ലാം തന്നെ കേരളത്തിലേക്ക് എത്തുന്നത്. ഇവിടങ്ങളില്‍ നിന്ന് ചെറിയ തുകക്ക് വലിയ അളവില്‍ ലഹരിമരുന്ന് വാങ്ങി കേരളത്തിലേക്ക് കൊണ്ട് വന്ന് വന്‍വിലയ്ക്ക് വില്പന നടത്തുകയാണ് ചെയ്യുന്നത്. പെണ്‍കുട്ടികളടക്കം ഇത്തരം ലഹരി മാഫിയ സംഘത്തിലെ കാരിയര്‍മാരായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നതായിരിക്കും- മെഡിക്കല്‍ കോളേജ് എ.സി.പി. കെ.സുദര്‍ശന്‍ പറഞ്ഞു.

ഇവയുടെ ചെറിയ അളവിലുള്ള ഉപയോഗം തന്നെ ഹൃദ്രോഗം, ഓര്‍മക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകല്‍, കാഴ്ചക്കുറവ് എന്നിവയ്ക്കിടയാക്കും. ഇത്തരം ലഹരി വസ്തുക്കള്‍ കുറഞ്ഞ അളവില്‍ പോലും കൈവശം വയ്ക്കുന്നത് ജാമ്യമില്ലാത്ത കുറ്റമാണ്.

ഏതാനും മാസത്തിനിടെ കോഴിക്കോട് സിറ്റിയില്‍ 60 കിലോയോളം കഞ്ചാവും 75 ഗ്രാമോളം എം.ഡി.എം.എയും 300 ഗ്രാം ഹാഷിഷും, നിരവധി നിരോധിത പുകയില ഉല്പന്നങ്ങള്‍, ഹാഷിഷ് ഓയില്‍ എന്നിവ ഡന്‍സാഫിന്റെ സഹായത്തോടെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ പിടികൂടിയിട്ടുണ്ട്.

മയക്കുമരുന്ന് പിടികൂടിയവരില്‍ ചേവായൂര്‍ സറ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി.ചന്ദ്രമോഹന്‍, എസ് ഐമാരായ അഭിജിത്ത്, ഷാന്‍ ഡാന്‍സാഫ് സ്‌ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ മുഹമ്മദ് ഷാഫി, എം.സജി, സീനിയര്‍ സി.പി.ഒ.മാരായ കെ.അഖിലേഷ്, കെ.എ. ജോമോന്‍, സി.പി.ഒ. എം. ജിനേഷ്, കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഇ.മനോജ്, എം. ഷാലു, എ.പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത് എന്നിവര്‍ ഉണ്ടായിരുന്നു.